മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസിൽ മുൻനിരക്കാരായ നൊവാക് ജോക്കോവിച്ച്, കോറിക്ക്, സ്വരേവ്, സിമോണ ഹാലെപ്പ്, സെറീന വില്യംസ് തുടങ്ങിയവർ പ്രീക്വാർട്ടറിൽ പ്രവേശിച്ചു.
പുരുഷ വിഭാഗം സിംഗിൾസിൽ ലോക ഒന്നാം നന്പർ താരമായ സെർബിയയുടെ നൊവാക് ജോക്കോവിച്ച് കാനഡയുടെ ഡെന്നിസ് ഷാപൊവാലോവിനെ നാല് സെറ്റ് നീണ്ട പോരാട്ടത്തിൽ കീഴടക്കിയാണ് പ്രീക്വാർട്ടർ ഉറപ്പിച്ചത്. ആദ്യ രണ്ട് സെറ്റ് നേടിയെങ്കിലും മൂന്നാം സെറ്റ് കനേഡിയൻ താരം സ്വന്തമാക്കുകയായിരുന്നു. സ്കോർ: 6-3, 6-4, 4-6, 6-0. നാലാം സീഡായ ജർമനിയുടെ അലക്സാണ്ടർ സ്വരേവ് ഓസ്ട്രേലിയയുടെ അലക്സ് ബോൾട്ടിനെയാണ് കീഴടക്കിയത്. 6-3, 6-3, 6-2നായിരുന്നു സ്വരേവിന്റെ ജയം. ക്രൊയേഷ്യയുടെ ബൊർണ കോറിക് സെർബിയയുടെ ക്രാജിനോവിക്കിനെ കീഴടക്കി പ്രീക്വാർട്ടറിൽ പ്രവേശിച്ചു.
വനിതാ സിംഗിൾസിൽ ലോക ഒന്നാം നന്പർ താരമായ സിമോണ ഹാലെപ്പ് അമേരിക്കയുടെ വീനസ് വില്യംസിനെ കീഴടക്കിയാണ് പ്രീക്വാർട്ടറിൽ ഇടംപിടിച്ചത്. 6-2, 6-3നായിരുന്നു ഹാലെപ്പിന്റെ ജയം. പ്രീക്വാർട്ടറിൽ വീനസിന്റെ സഹോദരി സെറീന വില്യംസ് ആണ് ഹാലെപ്പിന്റെ എതിരാളി. യുക്രെയ്നിന്റെ ഡയാന യാസ്ട്രെംസ്കയെ മറികടന്നാണ് സെറീനയുടെ പ്രീക്വാർട്ടർ പ്രവേശനം. 6-2, 6-1നായിരുന്നു സെറീനയുടെ ജയം. ചെക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലീഷ്കോവ, സ്പെയിനിന്റെ ഗാർബിനെ മുഗുരുസ തുടങ്ങിയവരും പ്രീക്വാർട്ടറിൽ പ്രവേശിച്ചിട്ടുണ്ട്.
ജോക്കോവിച്ച്, ഹാലെപ്പ് മുന്നോട്ട് , വീനസ് വില്യംസ് പുറത്ത്
11:20 PM Jan 19, 2019 | Deepika.com