സിഡ്നി: ക്രിക്കറ്റില്‍ ഓരോവറിന്റെ ഏഴാം പന്തില്‍ ഔട്ടാകുകയെന്ന കാര്യം ആലോചിക്കാനാവില്ല. ഇങ്ങനെ എങ്ങനെ സംഭവിക്കും എന്നാകും ഏവരും ചിന്തിക്കുക. ഒരോവറില്‍ ചിലപ്പോള്‍ നോബോളോ, വൈഡോ വന്നാല്‍ ഏഴും അതിലധികം പന്തും എറിയാന്‍ സാധ്യതയുണ്ട്.
പക്ഷേ, ഇതൊന്നുമില്ലാതെ ഏഴാം പന്തില്‍ പുറത്താകുന്നത് എങ്ങനെ. എന്നാല്‍, ഏഴാം പന്തില്‍ ഒരാള്‍ പുറത്തായി. ക്രിക്കറ്റില്‍ അമ്പയര്‍മാരെ സഹായിക്കാന്‍ സാങ്കേതിക വിദ്യകള്‍ വരെയെത്തിയപ്പോഴാണ് അമ്പയറുടെ പിഴവുമൂലം ഒരാള്‍ പുറത്തായിരിക്കുന്നത്.
ഓസ്ട്രേലിയന്‍ ബിഗ് ബാഷില്‍ സിഡ്നി സിക്സേഴ്സിനെതിരേയുള്ള പെര്‍ത്ത് സ്കോര്‍ചേഴ്സിന്റെ ഓപ്പണര്‍ മൈക്കിള്‍ ക്ലിംഗറാണ് ഏഴാം പന്തില്‍ പുറത്തായ നിര്ഭാഗ്യവാന്. ബെന്‍ ഡ്വാര്ഷുയിസിന്റെ പന്തില്‍ സ്റ്റീവന്‍ ഒ കീഫ് പിടിച്ചാണ് ക്ലിംഗര്‍ പുറത്തായത്. പന്തു പിടിച്ച ഓ കീഫ് അമ്പയറിനെ നോക്കി ഇത്് അനുവദനീയമാണോയെന്ന് ആംഗ്യം കാട്ടി. ഇതേത്തുടര്‍ന്ന് ഓഫീഷ്യല്‍സ് റിവ്യു നടത്തി ക്യാച്ച് കൃത്യമാണെന്ന് വിലയിരുത്തി. ആരും അത് ഏഴാമത്തെ പന്താണെന്ന് കണ്ടെത്തിയില്ല. ഡ്വാര്‍ഷുയിസ് അതുവരെയെറിഞ്ഞ ആറു പന്തും നിയമാനുസൃതമായിരുന്നു. ഔട്ട് വിധിയെത്തിയതോടെ ക്ലിംഗര്‍ പുറത്തേക്കു പോയി.
ഏഴാം പന്താണെന്ന് ബാറ്റ്സ്മാനും അമ്പയര്‍ക്കും മനസിലായില്ല. ഇതിനുശേഷം സ്കോര്‍ബോര്‍ഡില്‍ ബോളുകളുടെ എണ്ണം നോക്കുമ്പോളാണ് ഡ്വാര്‍ഷുയിസ് വൈഡോ നോ ബോളോ കൂടാതെ ഏഴു പന്തെറിഞ്ഞെന്ന് വ്യക്തമായത്. മത്സരത്തില്‍ ഏഴു പന്ത് ബാക്കിയിരിക്കേ സ്കോര്‍ച്ചേഴ്സ് ജയിച്ചു.
ഔട്ടായത് ഏഴാം പന്തില്‍
11:26 PM Jan 14, 2019 | Deepika.com