സിഡ്നി: ഏകദിനത്തില്‍ ഇന്ത്യക്കായി 10,000 റണ്‍സ് തികച്ച് മുന്‍ നായകന് മഹേന്ദ്ര സിംഗ് ധോണി. ഓസീസിനെതിരായ ആദ്യ ഏകദിനത്തില്‍ ജേ റിച്ചാര്സണിനെതിരേ ഒരു റണ്ണെടുത്താണ് ധോണി ഈ നാഴികക്കല്ല് പിന്നിട്ടത്. ആറാം ഓവറിലെ അവസാന പന്തിലായിരുന്നു നേട്ടം.
333-ാം ഏകദിനത്തിലെ 282-ാം ഇന്നിംഗ്സിലാണ് ധോണിയുടെ ഈ നേട്ടം. ഇന്ത്യ്ക്കായി രാജ്യാന്തര ഏകദിനങ്ങളില്‍ 10,000 റണ്‍സ് തികയ്ക്കുന്ന അഞ്ചാമത്തെ താരം കൂടിയാണ് ധോണി. സച്ചിന് തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, വിരാട് കോഹ്ലി എന്നിവരാണ് ധോണിക്കു മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയവര്‍.
ഏകദിനത്തില്‍ നേരത്തെതന്നെ ധോണി 10,000 റണ്‍സ് തികച്ചിരുന്നു. എന്നാല്‍, ഇതില്‍ 174 റണ്‍സ് ഏഷ്യന്‍ ഇലവന് വേണ്ടി കളിച്ചപ്പോള്‍ നേടിയതാണ്. ഇപ്പോഴാണ് ഇന്ത്യക്കായി 10,000 തികയ്ക്കുന്നത്. ഏകദിനത്തില്‍ ഇന്ത്യക്കായി 10 സെഞ്ചുറികളും 67 അര്‍ധ സെഞ്ചുറികളും ധോണി നേടിയിട്ടുണ്ട്. ഏകദിനത്തില്‍ പതിനായിരം റണ്‍സിലെത്തുന്ന 13-ാമത്തെ കളിക്കാരനാണ് ധോണി.
പതിനായിരം തികച്ച് ധോണി
12:40 AM Jan 13, 2019 | Deepika.com