ചെന്നൈ: 67-ാമത് ദേശീയ സീനിയർ വോളിബോൾ ചാന്പ്യൻഷിപ്പിൽ കേരളത്തിനു സന്തോഷവും ദുഃഖവും. വനിതാ വിഭാഗത്തിൽ കേരളം ഫൈനലിൽ കടന്നപ്പോൾ പുരുഷ വിഭാഗം നിലവിലെ ചാന്പ്യന്മാരായ കേരളം സെമിയിൽ തോറ്റ് പുറത്തായി. ആതിഥേയരായ തമിഴ്നാടിനോട് ഒന്നിനെതിരേ മൂന്ന് സെറ്റുകൾക്കാണ് കേരളം പുരുഷന്മാരുടെ സെമിയിൽ പരാജയപ്പെട്ടത്. ലീഗ് റൗണ്ടിൽ കേരളം തമിഴ്നാടിനെ കീഴടക്കിയിരുന്നു.
ബംഗാളിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയായിരുന്നു വനിതകളുടെ ഫൈനൽ പ്രവേശനം. എതിരാളികളെ കാഴ്ചക്കാരാക്കി 10-5, 12-6, 17-10 എന്നിങ്ങനെ മുന്നേറിയ കേരളം ആദ്യ സെറ്റ് 25-18ന് കൈക്കലാക്കി. രണ്ടാം സെറ്റിൽ 5-3, 8-5 എന്നിങ്ങനെ ബംഗാൾ ഒപ്പംപിടിച്ചു. 12-7ഉം 16-8ഉം ആയി മുന്നേറിയ കേരളം 23-8ലേക്ക് കുതിച്ചു. ഒടുവിൽ 25-9ന് സെറ്റ് സ്വന്തമാക്കി. മൂന്നാം സെറ്റിലും കഥയ്ക്കു മാറ്റമുണ്ടായില്ല. 18-8ലേക്ക് ഏകപക്ഷീയമായി ലീഡ് നേടിയ കേരളം 25-9ന് സെറ്റും മത്സരവും സ്വന്തമാക്കി സെമിയിലേക്ക് മുന്നേറി.
സെമിയിൽ നിലവിലെ ജേതാക്കളായ റെയിൽവേസാണ് കേരള വനിതകളുടെ എതിരാളി. മഹാരാഷ്ട്രയെ 25-19, 25-18, 25-19ന് കീഴടക്കിയാണ് റെയിൽവേസ് ഫൈനലിൽ പ്രവേശിച്ചത്.
പുരുഷ വിഭാഗം ആദ്യ സെമിയിൽ 25-13, 25-22, 25-20ന് പഞ്ചാബിനെ കീഴടക്കി കർണാടക ഫൈനലിൽ പ്രവേശിച്ചു. റെയിൽവേസിനെ കീഴടക്കിയായിരുന്നു പഞ്ചാബിന്റെ സെമി പ്രവേശനം.
ദേശീയ സീനിയർ വോളിയിൽ കേരളത്തിന് സന്തോഷവും ദുഃഖവും
12:56 AM Jan 10, 2019 | Deepika.com