പെർത്ത്: ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ 25-ാം ടെസ്റ്റ് സെഞ്ചുറിയുടെ ബലത്തിൽ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ തിരിച്ചടിക്കാനൊരുങ്ങിയ ഇന്ത്യ പരുങ്ങലിൽ. 257 പന്തിൽ 13 ഫോറും ഒരു സിക്സും അടക്കം 123 റണ്‍സ് നേടിയ കോഹ്ലിയുടെ ബലത്തിൽ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 283 റണ്‍സ് നേടി. 43 റണ്‍സ് ലീഡ് വഴങ്ങിയ ഇന്ത്യ ശക്തമായി തിരിച്ചടിച്ചില്ലെങ്കിൽ കളി കൈവിട്ടുപോയേക്കും. മൂന്നാം ദിനമായ ഇന്നലെ മത്സരം അവസാനിക്കുന്പോൾ ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 132 റണ്‍സ് നേടിയിട്ടുണ്ട്. ആറ് വിക്കറ്റ് ശേഷിക്കേ ഓസീസിനുള്ളത് 175 റണ്‍സ് ലീഡ് ആണ്.
കോഹ്ലി മാത്രം
വേഗത്തിൽ 25 ടെസ്റ്റ് സെഞ്ചുറി എന്ന നേട്ടത്തിൽ സാക്ഷാൽ ഡോണ്‍ ബ്രാഡ്മാനുമാത്രം പിന്നിലെത്തി ചരിത്രം കുറിച്ച കോഹ്ലി മാത്രമാണ് ഇന്ത്യൻ ഇന്നിംഗ്സിനെ തോളിലേറ്റിയത്. ഈ വർഷം കോഹ്ലി നേടുന്ന അഞ്ചാമത് സെഞ്ചുറിയാണ് പെർത്തിലേത്. 51 റണ്‍സുമായി തലേന്ന് ക്രീസ് വിട്ട അജിങ്ക്യ രഹാനെ നേരിട്ട രണ്ടാം പന്തിൽ പുറത്തായതോടെ മൂന്നാം ദിനം തുടക്കത്തിൽതന്നെ ഇന്ത്യ പ്രതിരോധത്തിലായി. ഓൾ റൗണ്ടർ ഹനുമ വിഹാരി (20 റണ്‍സ്), വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് (36 റണ്‍സ്) എന്നിവർ ചെറിയ ചെറുത്തുനിൽപ്പ് നടത്തിയെങ്കിലും വാലറ്റം പതിവ് തെറ്റിച്ചില്ല. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 251 റണ്‍സ് എന്ന നിലയിൽനിന്നാണ് ഇന്ത്യ 283നു പുറത്തായത്. ഇന്ത്യൻ ഇന്നിംഗ്സിൽ കോഹ് ലിക്കു പിന്നാലെ പൂജാര, രഹാനെ, വിഹാരി, പന്ത് എന്നിവർ മാത്രമാണ് രണ്ടക്കം കണ്ടത്. ഓസ്ട്രേലിയയ്ക്കായി നഥാൻ ലിയോണ്‍ 67 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി.
ഫിഞ്ചിനു പരിക്ക്
വിരലിനു ഗുരുതരമായി പരിക്കേറ്റ് ഓപ്പണർ ആരോണ്‍ ഫിഞ്ച് (25 റണ്‍സ്) മടങ്ങിയത് ആതിഥേയർക്ക് തിരിച്ചടിയായി. ഓപ്പണിംഗ് വിക്കറ്റിൽ 59 റണ്‍സ് നേടിയാണ് ഫിഞ്ച് - ഹാരിസ് (20 റണ്‍സ്) കൂട്ടുകെട്ട് പിരിഞ്ഞത്. 41 റണ്‍സുമായി ഉസ്മൻ ഖവാജയും എട്ട് റണ്‍സുമായി ടിം പെയ്നുമാണ് ക്രീസിൽ. ഇന്ത്യക്കായി ഷാമി രണ്ട് വിക്കറ്റ് വീഴ്ത്തി.
സ്കോർബോർഡ്
ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ്: 326. ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: രാഹുൽ ബി ഹെയ്സൽവുഡ് 2, വിജയ് ബി സ്റ്റാർക്ക് 0, പൂജാര സി പെയ്ൻ ബി സ്റ്റാർക്ക് 24, കോഹ്ലി സി ഹാൻഡ്സ്കോന്പ് ബി കമ്മിൻസ് 123, രഹാനെ സി പെയ്ൻ ബി ലിയോണ്‍ 51, വിഹാരി സി പെയ്ൻ ബി ഹെയ്സൽവുഡ് 20, പന്ത് സി സ്റ്റാർക്ക് ബി ലിയോണ്‍ 36, ഷാമി സി പെയ്ൻ ബി ലിയോണ്‍ 0, ഇഷാന്ത് സി ആൻഡ് ബി ലിയോണ്‍ 1, ഉമേഷ് നോട്ടൗട്ട് 4, ബുംറ സി ഖവാജ ബി ലിയോണ്‍ 4, എക്സ്ട്രാസ് 18, ആകെ 105.5 ഓവറിൽ 283.
ബൗളിംഗ്: സ്റ്റാർക്ക് 24-4-79-2, ഹെയ്സൽവുഡ് 21-8-66-2, കമ്മിൻസ് 26-4-60-1, ലിയോണ്‍ 34.5-7-67-5.
ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സ്: ഹാരിസ് ബി ബുംറ 20, ഫിഞ്ച് റിട്ടയേർഡ് ഹർട്ട് 25, ഖവാജ നോട്ടൗട്ട് 41, ഷോണ്‍ മാർഷ് സി പന്ത് ബി ഷാമി 5, ഹാൻഡ്സ്കോന്പ് എൽബിഡബ്ല്യു ബി ഇഷാന്ത് 13, ഹെഡ് സി ഇഷാന്ത് ബി ഷാമി 19, പെയ്ൻ നോട്ടൗട്ട് 8, എക്സ്ട്രാസ് 1, ആകെ 48 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 132.
ബൗളിംഗ്: ഇഷാന്ത് 9-0-33-1, ബുംറ 13-5-25-1, ഷാമി 10-3-23-2, ഉമേഷ് 8-0-39-0, വിഹാരി 8-4-11-0.
കളി കാര്യമാകും
10:49 PM Dec 16, 2018 | Deepika.com