പെര്‍ത്ത്: ആദ്യ മത്സരത്തിൽ തോറ്റതോടെ ഒാസ്ട്രേലിയ ആദ്യമായി ഇന്ത്യക്കെതിരേ സ്വന്തം നാട്ടിൽ സമ്മർദത്തിലായി. പെര്‍ത്തില്‍ നാളെയാണ് രണ്ടാം ടെസ്റ്റ് തുടങ്ങുക. അഡ്ലെയ്ഡിലേറ്റ പരാജയത്തിന്റെ ഞെട്ടലിൽ നിന്നു ഓസ്ട്രേലിയ പുറത്തുവന്നിട്ടില്ല. രണ്ടാം ടെസ്റ്റില്‍ ജയിച്ച് പരമ്പരയില്‍ ഒപ്പമെത്താനാവും ഇനി കംഗാരുപ്പട ശ്രമിക്കുക. ആദ്യ ടെസ്റ്റിൽ പേസർമാർക്ക് കരുത്തു തെളിയിക്കാൻ സാധിക്കാതെ പോയിടത്താണ് ഒാസീസ് വീണത്. പേസാക്രമണത്തിന്റെ കുന്തമുനയെന്നു മത്സരത്തിനു മുന്‍പ് വാഴ്ത്തപ്പെട്ട മിച്ചല്‍ സ്റ്റാര്‍ക്ക് നനഞ്ഞ പടക്കമായി. രണ്ടിന്നിംഗ്സുകളിലായി അഞ്ചു വിക്കറ്റെടുത്തെങ്കിലും മാച്ച് വിന്നറായില്ല.
സഹായവാഗ്ദാനവുമായി ജോൺസൻ
സ്റ്റാര്‍ക്കിനു പിന്തുണയുമായി മിച്ചൽ ജോൺസൻ എത്തി. സ്റ്റാർക്കിന് ഇതുവരെ പഴയ ഫോമിലേക്കെത്താനായിട്ടില്ല. ഫോമിലെത്തിയാൽ അദ്ദേഹത്തെ പിടിച്ചുകെട്ടാനാവില്ല. സ്റ്റാര്‍ക്കിനെ സഹായിക്കും; സ്റ്റാര്‍ക്കിനൊപ്പം നേരത്തേ കളിച്ചതിനാല്‍ അടുത്ത ബന്ധമാണ് തനിക്കുള്ളതെന്നും ജോണ്സൺ പറഞ്ഞു. അതുകൊണ്ടു തന്നെ പഴയ കൂട്ടുകാരനെ സഹായിക്കാന്‍ താന്‍ തയറാണന്നും അദ്ദേഹം വ്യക്തമാക്കി.
ആദ്യ മത്സരത്തിലെ പരാജയത്തിനു ശേഷം സ്റ്റാര്‍ക്കിനു ഞാൻ ചില സന്ദേശങ്ങള്‍ അയച്ചിരുന്നു. എനിക്കൊപ്പം കളിച്ച സമയത്തുള്ള സ്റ്റാര്ക്കിനെയല്ല ഇന്ത്യക്കെതിരേ അഡ്ലെയ്ഡില് കണ്ടത്. ഇതോടെയാണ് അദ്ദേഹത്തിന് എന്തൊക്കെയോ ചില പ്രശ്നങ്ങളുണ്ടെന്നു തോന്നിയത്. എന്താണ് നിങ്ങളെ അലട്ടുന്നതെന്നും നമുക്ക് അതു പരിഹരിക്കണമെന്നും സന്ദേശത്തില്‍ ഉണ്ടായിരുന്നതായും ജോണ്സൺ പറഞ്ഞു. പ്രക്ഷുബ്ധമായ മനസുമായാണ് അഡ്ലെയ്ഡില് സ്റ്റാര്‍ക്ക് പന്തെറിഞ്ഞതെന്നു തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പന്തുകൾക്ക് മൂർച്ച കുറഞ്ഞതുപോലെ തോന്നി. എന്തോ ഒന്നും അങ്ങോട്ടു ക്ലിക്കാവുന്നില്ല. അതാണ് കണ്ടുപിടിക്കേണ്ടത്. അടുത്ത ടെസ്റ്റിനു മുമ്പ് സ്റ്റാര്‍ക്കിനൊപ്പം ഇരുന്ന് കാര്യങ്ങളെല്ലാം സംസാരിച്ച് പരിഹരിക്കാനാണ് ഞാൻ ശ്രമിക്കുന്നത്- മിച്ചൽ ജോൺസൺ പറഞ്ഞു.
സ്റ്റാര്‍ക്കിന് നിറഞ്ഞാടാൻ കഴിയുന്ന പിച്ച്
രണ്ടാം ടെസ്റ്റ് നടക്കുന്ന പെര്‍ത്തിലെ പിച്ച് സ്റ്റാര്‍ക്കിന് തകർപ്പൻ പ്രകടനം നടത്താൻ കഴിയുന്ന തരത്തിലുള്ളതാണെന്നു മിച്ചൽ ജോണ്സന് ചൂണ്ടിക്കാട്ടി. പെർത്തിലെ പിച്ച് നല്ല പേസും ബൗണ്സുമുള്ളതായിരിക്കും. അതു തന്നെയാണ് സ്റ്റാര്‍ക്കിന് പഴയ ഫോമിലേക്കുയരാന്‍ വേണ്ടത്. ആത്മവിശ്വാസത്തോടെ അടുത്ത ടെസ്റ്റില്‍ കളിക്കൂയെന്ന് മാത്രമാണ് സ്റ്റാര്‍ക്കിനോടു പറയാനുള്ളത്. അദ്ദേഹത്തിന് അതിനു കഴിയുമെന്നു തന്നെയാണ് തന്റെ വിശ്വാസമെന്നും ജോണ്സൺ പറഞ്ഞു.
പെര്‍ത്തില്‍ കരുത്തു തെളിയിക്കാൻ സ്റ്റാര്‍ക്ക്; സഹായിക്കാന്‍ മിച്ചല്‍ ജോണ്സൺ
01:47 AM Dec 13, 2018 | Deepika.com