ധോ​ണി ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റ് ക​ളി​ക്ക​ണ​മെ​ന്ന് അ​മ​ര്‍നാ​ഥ്

01:47 AM Dec 13, 2018 | Deepika.com
ന്യൂ​ഡ​ല്‍ഹി: മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി ഉ​ള്‍പ്പെ​ടെ​യു​ള്ള സീ​നി​യ​ര്‍ ക​ളി​ക്കാ​ര്‍ക്ക് ദേ​ശീ​യ ടീ​മി​ല്‍ ക​ളി​ക്കാ​ന്‍ യോ​ഗ്യ​ത നേ​ടാ​ന്‍ ആ​ഭ്യ​ന്ത​ര​മ​ത്സ​ര​ങ്ങ​ളി​ല്‍ ക​ളി​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ​യു​ടെ മു​ന്‍ ഓ​ള്‍റൗ​ണ്ട​റും ദേ​ശീ​യ സെ​ല​ക്ട​റു​മാ​യി​രു​ന്ന മൊ​ഹീ​ന്ദ​ര്‍ അ​മ​ര്‍നാ​ഥ്. ധോ​ണി​യെ ട്വ​ന്‍റി 20 ടീ​മി​ല്‍നി​ന്ന് ഒ​ഴി​വാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ടെ​സ്റ്റി​ല്‍നി​ന്നു നേ​ര​ത്തെ​ത​ന്നെ വി​ര​മി​ച്ച മു​ന്‍ നാ​യ​ക​ന്‍ ഏ​ക​ദി​ന​ത്തി​ലാ​ണു​ള്ള​ത്. ഇ​ത്ത​വ​ണ സ​മ​യ​ക്കു​റ​വു​കാ​ര​ണം ധോ​ണി 50 ഓ​വ​റു​ള്ള വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ല്‍ ക​ളി​ക്കു​ന്നി​ല്ല. ആ​ഭ്യ​ന്ത​ര​ത​ല​ത്തി​ല്‍ ഒ​രു പ​രി​ശീ​ല​ന​വു​മി​ല്ലാ​തെ​യാ​ണ് ധോ​ണി ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രേ​യു​ള്ള മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്കി​റ​ങ്ങു​ക.

ഓ​രോ വ്യ​ക്തി​യും വ്യ​ത്യ​സ്ത​രാ​ണ്. എ​ന്നാ​ല്‍ ഞാ​ന്‍ എ​പ്പോ​ഴും വി​ശ്വ​സി​ക്കു​ന്നു നി​ങ്ങ​ള്‍ക്ക് ഇ​ന്ത്യ​ന്‍ ടീ​മി​നു​വേ​ണ്ടി ക​ളി​ക്ക​ണ​മെ​ങ്കി​ല്‍ സം​സ്ഥാ​ന ത​ല​ത്തി​ലും ക​ളി​ക്ക​ണം. ബി​സി​സി​ഐ ന​യ​ത്തി​ല്‍ മാ​റ്റ​മു​ണ്ടാ​ക്ക​ണം. നി​ര​വ​ധി സീ​നി​യ​ര്‍ ക​ളി​ക്കാ​ര്‍ ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ പ​ങ്കെ​ടു​ക്കു​ന്നി​ല്ല അ​മ​ര്‍നാ​ഥ് പ​റ​ഞ്ഞു. ഇ​ക്കാ​ര്യം ഇ​തി​ഹാ​സ ഓ​പ്പ​ണിം​ഗ് ബാ​റ്റ്‌​സ്മാ​ന്‍ സു​നി​ല്‍ ഗാ​വ​സ്‌​ക​റും പ​റ​ഞ്ഞി​രു​ന്നു. ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രേ​യു​ള്ള ടെ​സ്റ്റ് ടീ​മി​ല്‍ ഇ​ട​മി​ല്ലാ​ത്ത ശി​ഖ​ര്‍ ധ​വാ​നും ര​ഞ്ജി ട്രോ​ഫി​യി​ല്‍ ക​ളി​ക്കു​ന്നി​ല്ല.