ഭുവനേശ്വർ: ലോകകപ്പ് ഹോക്കി ക്വാർട്ടർ ഫൈനൽ പോരാട്ടത്തിന് ഇന്നു തുടക്കമാകും. രണ്ട് ക്വാർട്ടർ പോരാട്ടങ്ങൾക്ക് കലിംഗ സ്റ്റേഡിയം സാക്ഷ്യംവഹിക്കും. ഇന്നു നടക്കുന്ന ആദ്യ പോരാട്ടത്തിൽ അർജന്റീനയും ഇംഗ്ലണ്ടും തമ്മിൽ ഏറ്റുമുട്ടും. പൂൾ എ ചാന്പ്യന്മാരായാണ് ലോക രണ്ടാം റാങ്കുകാരായ അർജന്റീന ക്വാർട്ടറിൽ കടന്നത്. പൂൾ ബിയിൽ രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ട് ക്രോസ് ഓവർ പോരാട്ടത്തിൽ 2-0ന് ന്യൂസിലൻഡിനെ കീഴടക്കിയാണ് അവസാന എട്ടിലേക്ക് എത്തിയത്. ലോക റാങ്കിംഗിൽ ഏഴാം സ്ഥാനത്താണ് ഇംഗ്ലണ്ട്. ഇരു ടീമുകൾക്കും ലോകകപ്പ് കിരീടം ഇതുവരെ നേടാനായിട്ടില്ല. കന്നി കിരീടത്തിലേക്ക് ഒരു ചുവടുകൂടി അടുക്കാനുള്ള തയാറെടുപ്പിലാണ് ഇരു ടീമുകളും ഇന്ന് ഇറങ്ങുന്നത്.
ഇന്നത്തെ രണ്ടാം മത്സരത്തിൽ ലോക ഒന്നാം നന്പർ ടീമായ ഓസ്ട്രേലിയ 20-ാം സ്ഥാനത്തുള്ള ഫ്രാൻസുമായി കൊന്പുകോർക്കും. മൂന്ന് തവണ ലോക ചാന്പ്യന്മാരായ ഓസ്ട്രേലിയയാണ് നിലവിലെ ജേതാക്കൾ. പൂൾ ബിയിൽ മൂന്ന് ജയത്തോടെ ഒന്നാം സ്ഥാനവുമായാണ് ഓസ്ട്രേലിയ ക്വാർട്ടറിൽ കടന്നത്. പൂൾ എയിലെ രണ്ടാം സ്ഥാനക്കാരായ ഫ്രാൻസ് ക്രോസ് ഓവർ പോരാട്ടത്തിൽ 1-0നു ചൈനയെ മറികടന്നാണ് ക്വാർട്ടറിൽ ഇടംപിടിച്ചത്.
ഇന്ത്യ x ഹോളണ്ട്
ലോകകപ്പ് ഹോക്കി ക്വാർട്ടറിൽ ഇന്ത്യയുടെ എതിരാളി ഹോളണ്ട്. ഇന്നലെ നടന്ന ക്രോസ്ഓവർ പോരാട്ടത്തിൽ കാനഡയെ 5-0നു കീഴടക്കിയാണ് ഹോളണ്ട് ക്വാർട്ടറിൽ കടന്നത്. ലോക നാലാം റാങ്കുകാരായ ഹോളണ്ട് പൂൾ ഡിയിൽ രണ്ടാം സ്ഥാനക്കാരായിരുന്നു. പൂൾ സി ചാന്പ്യന്മാരായാണ് ഇന്ത്യ ക്വാർട്ടറിൽ നേരിട്ട് പ്രവേശിച്ചത്. നാളെയാണ് ഇന്ത്യ-ഹോളണ്ട് ക്വാർട്ടർ.
ഇന്നലെ നടന്ന മറ്റൊരു ക്രോസ്ഓവർ പോരാട്ടത്തിൽ പാക്കിസ്ഥാനെ 5-0നു കീഴടക്കി ബെൽജിയവും ക്വാർട്ടറിൽ ഇടംപിടിച്ചു. പൂൾ ഡി ചാന്പ്യന്മാരായി ക്വാർട്ടറിലെത്തിയ ജർമനിയാണ് ക്വാർട്ടറിൽ ബെൽജിയത്തിന്റെ എതിരാളി. നാളെയാണ് മത്സരം.
ക്വാർട്ടർ പോരാട്ടം ഇന്നു മുതൽ
01:07 AM Dec 12, 2018 | Deepika.com