കോല്‍ക്കത്ത: ഐ ലീഗില്‍ ഗോകുലം കേരള എഫ്സിക്ക് തോല്‍വി. ഗോകുലത്തെ ഈസ്റ്റ് ബംഗാൾ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു തോല്പിച്ചു. ഈസ്റ്റ് ബംഗാള്‍ വിജയവഴിയില്‍ തിരിച്ചെത്തിയ മത്സരമായിരുന്നു ഇത്. കഴിഞ്ഞ മൂന്നു മത്സരവും തോറ്റശേഷമാണ് ബംഗാള്‍ ഗോകുലത്തിനെതിരേ ഇറങ്ങിയത്. ജയത്തോടെ ഈസ്റ്റ് ബംഗാള്‍ ഒമ്പതു പോയിന്റുമായി ആറാം സ്ഥാനത്തെത്തി. ഇത്രതന്നെ പോയിന്റുള്ള ഗോകുലം ഏഴാം സ്ഥാനത്താണ്.
തുടക്കം മുതല്‍ തന്നെ മികച്ച നീക്കങ്ങള്‍ നടത്തിയ ഈസ്റ്റ് ബംഗാള്‍ നാലാം മിനിറ്റില്‍ തന്നെ മുന്നിലെത്തി. ബ്രാന്‍ഡനാണ് സ്കോര്‍ ചെയ്തത്. പത്തു മിനിറ്റിനു ശേഷം മികച്ച മുന്നേറ്റത്തിനൊടുവില്‍ ജോബി ജസ്റ്റിന് ബംഗാളിന്റെ ലീഡ് ഉയര്‍ത്തി. ഗോകുലം മുന്നേറ്റങ്ങള്‍ പലതും നടത്തിയെങ്കിലും ഈസ്റ്റ് ബംഗാള്‍ പ്രതിരോധം ഉറച്ചു നിന്നു.
57-ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ സാബ ഓഫ്സൈഡ് കെണി പൊളിച്ച് ഗോകുലത്തിനായി ഒരു ഗോള്‍ മടക്കി. സമനിലയ്ക്കായി ഗോകുലം ശക്തമായി പൊരുതിക്കൊണ്ടിരുന്നു. എന്നാല്‍, ഗോകുലത്തിന്റെ സമനില പ്രതീക്ഷകള്‍ തകര്‍ത്തുകൊണ്ട് 82-ാം മിനിറ്റില്‍ ലാല്‍റാം ചുല്ലോവ ഈസ്റ്റ് ബംഗാളിന്റെ മൂന്നാം ഗോള്‍ നേടി വിജയം ഉറപ്പിച്ചു.
ഗോകുലത്തിനു തോൽവി
11:50 PM Dec 08, 2018 | Deepika.com