ഭുവനേശ്വര്‍: ലോകകപ്പ് ഹോക്കിയില്‍ മികച്ച തുടക്കമിട്ട ഇന്ത്യ നേരിട്ടുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനത്തിന് ഒരു ജയം അകലെ. പൂള് സിയില്‍ അവസാന മത്സരത്തില്‍ ഇന്ത്യ ഇന്ന് കാനഡയെ നേരിടും. പൂളില്‍ നാലു പോയിന്റുമായി ഇന്ത്യയാണ് മുന്നില്‍. ബെല്‍ജിയത്തിനു നാലു പോയിന്റാണെങ്കിലും ഗോള്‍ വ്യത്യാസമാണ് ഇന്ത്യയെ മുന്നിലെത്തിച്ചത്. കാനഡയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും ഓരോ പോയിന്റ് വീതമാണുള്ളത്.
പൂള് സിയിലെ ആദ്യ മത്സരങ്ങളില്‍ ഇന്ത്യ 5-0ന് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചപ്പോള്‍ ബെല്‍ജിയവുമായി 2-2ന് സമനിലയില്‍ പിരിഞ്ഞു. കാനഡയ്ക്കെതിരേ മികച്ചൊരു ജയം നേടാനായാല്‍ ഇന്ത്യക്കു നേരിട്ട് ക്വാര്‍ട്ടറിലെത്താം. പൂളുകളിലെ രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ക്രോസ് ഓവര്‍ മത്സരങ്ങളിലൂടയേ ക്വാർട്ടറിൽ പിന്നീട് ഇടംപിടിക്കാനാകൂ.
കാനഡയ്ക്കെതിരേ ഇന്ത്യക്ക് മികച്ച റിക്കാര്‍ഡാണുള്ളത്. 2013നുശേഷം ഇരുടീമും അഞ്ചു തവണ ഏറ്റുമുട്ടി. ഇതില്‍ മൂന്നെണ്ണത്തില്‍ ഇന്ത്യയു ഒന്നില്‍ കാനഡയും ജയിച്ചു. ഒരു മത്സരം സമനിലയായി.
ഹോക്കി: നേരിട്ട് ക്വാര്‍ട്ടർ ലക്ഷ്യമിട്ട് ഇന്ത്യ
12:48 AM Dec 08, 2018 | Deepika.com