വാഷിംഗ്ടൺ: ജപ്പാനിൽ യുഎസ് സൈനിക വിമാനങ്ങൾ കൂട്ടിയിടിച്ച് ഒരു നാവികൻ മരിച്ചു. ഹിരോഷിമയ്ക്കു സമീപം തീരത്ത് മൂന്നാം സമുദ്ര പര്യവേക്ഷണസേനയുടെ കെസി-130 ഹെർക്കുലീസ്, എഫ്/എ- 18 ഹോർനെറ്റ് വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റ രണ്ടു പേരെ രക്ഷിച്ചെന്നും ഒരാൾ മരിച്ചെന്നും യുഎസ് നാവികസേന അറിയിച്ചു. അഞ്ചു നാവികരെ കാണാതായിട്ടുണ്ട്. ഇവർക്കായി ഏഴാം കപ്പൽപ്പടയും യുഎസ് നാവികസേനാ വിമാനങ്ങളും ജാപ്പനീസ് നാവികസേനയും തീരസംരക്ഷണ സേനയും തെരച്ചിൽ നടത്തുന്നുണ്ട്.