ദുരവസ്ഥയിലൂടെ കടന്നു പോകുന്ന കേരള ബ്ലാസ്റ്റേഴ്സ് അഴിച്ചുപണിക്കൊരുങ്ങുന്നതായി സൂചനകൾ. ഈ സീസണിലെ ആദ്യ മത്സരത്തിൽ വിജയിച്ച് ആരാധകർക്കു പ്രതീക്ഷ നൽകിയെങ്കിലും പിന്നീട് ആ പ്രകടനം ആവർത്തിക്കാൻ സാധിക്കാതെ ഉഴലുകയാണ് മഞ്ഞപ്പട. സ്വന്തം ആരാധകർക്കുമുന്നിൽ കൊച്ചിയിൽവച്ചൊരു ജയം ഇതുവരെ അപ്രാപ്യമായി തുടരുകയുമാണ്. ഐഎസ്എലിലെ ഏറ്റവും മികച്ച ആരാധകർ കൂട്ടായുള്ള ബ്ലാസ്റ്റേഴ്സിന് കൊച്ചിയിൽ നടന്ന മൂന്നു മത്സരങ്ങളിൽ രണ്ട് സമനിലയും ഒരു തോൽവിയുമായിരുന്നു ഫലം. ചുരുക്കത്തിൽ കഴിഞ്ഞ സീസണു സമാനമായ അവസ്ഥയിലാണ് ടീം ഇപ്പോൾ.
സീസണ് തുടങ്ങിയിട്ടും ഇതുവരെ ടീമിൽ അവസരം ലഭിക്കാത്ത മലയാളി താരം അനസ് എടത്തോടികയ്ക്ക് അടുത്ത മത്സരത്തിൽ അവസരം നൽകിയേക്കുമെന്നാണ് സൂചനകൾ. അനസിന് ഇതുവരെ ടീമിലിടം നൽകാത്തതിനെ ആരാധകർ നിശിതമായി വിമർശിച്ചിരുന്നു.
ശക്തരായ ഗോവയ്ക്കെതിരേ നാളെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. കൊച്ചിയിൽനടക്കുന്ന മത്സരത്തിൽ പരിശീലകൻ ഡേവിഡ് ജയിംസിന്റെ ഭാവിയും നിർണയിക്കപ്പെടുമെന്നും സൂചനകളുണ്ട്. കഴിഞ്ഞ സീസണിൽ റെനെ മ്യുലൻസ്റ്റീൻ പുറത്തു പോവാനിടയായ അതേ സാഹചര്യങ്ങളിലൂടെയാണ് നിലവിൽ ജയിംസും കടന്നുപോകുന്നത്.
ഹോം മത്സരങ്ങളിൽ മുംബൈ സിറ്റിയോടും ഡൽഹി ഡൈനാമോസിനോടും 1-1 സമനില വഴങ്ങിയ ബ്ലാസ്റ്റേഴ്സ് ബംഗളൂരു എഫ്സിയോട് 1-2ന് പരാജയപ്പെട്ടിരുന്നു. സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ തോൽവിയാണ് ബംഗളൂരുവിനെതിരേ സംഭവിച്ചത്. ആറ് മത്സരങ്ങളിൽനിന്ന് ഏഴ് പോയിന്റാണ് ടീമിനുള്ളത്. ഗോവയ്ക്കാകട്ടെ 13 പോയിന്റും.
ബ്ലാസ്റ്റേഴ്സിനു ജയിച്ചേ പറ്റൂ...
12:30 AM Nov 10, 2018 | Deepika.com