മുംബൈ: ക്രിക്കറ്റ് മൈതാനത്ത് പല പരീക്ഷണങ്ങൾ നടക്കാറുണ്ട്. പരീക്ഷണങ്ങളിൽ മുന്പന്മാർ ബാറ്റ്സ്മാന്മാരാണ്. അതിൽ പ്രധാനമാണ് സ്വിച്ച് ഹിറ്റ്. ഇടംകൈ ബാറ്റ്സ്മാന്മാൻ വലംകൈയ്യനേപ്പോലെയും വലംകൈ ബാറ്റ്സ്മാന്മാർ ഇടംകൈയ്യനേപ്പോലെയും അവസാനനിമിഷം ബാറ്റ് ചെയ്യുന്നതാണ് സ്വിച്ച് ഹിറ്റ്. റിവേഴ്സ് സ്വീപ്പിനെയും ഈ ഗണത്തിൽ കൂട്ടാം.
സ്വിച്ച് ഹിറ്റിന്റെ സമാനമായ രീതിയിൽ സ്വിച്ച് ബൗളിംഗ് നടത്തി ഉത്തർപ്രദേശിന്റെ ശിവ സിംഗ് ആണ് ഇപ്പോൾ ചർച്ചയിൽ ഇടംപിടിച്ചിരിക്കുന്നത്. ബാറ്റ്സ്മാന് അനുകൂലമായി ക്രിക്കറ്റ് നിയമങ്ങൾ മാറുന്ന കാലഘട്ടത്തിൽ ബൗളർമാർക്കിടയിലും പരീക്ഷണം നടക്കുന്നുണ്ടെന്ന് സൂചിപ്പിച്ച് ബിസിസിഐ ഒൗദ്യോഗിക വെബ്സൈറ്റിൽ ശിവയുടെ ബൗളിംഗ് വീഡിയോ അപ്ലോഡ് ചെയ്തിട്ടുണ്ട്.
സി.കെ. നായിഡു ട്രോഫി ക്രിക്കറ്റിൽ ബംഗാളിനെതിരേയായിരുന്നു ശിവ സിംഗിന്റെ അത്യപൂർവ ബൗളിംഗ്. ഇടംകൈയൻ ബൗളറായ താരം 360 ഡിഗ്രിയിൽ കറങ്ങി പന്തെറിഞ്ഞത് ബാറ്റ്സ്മാനെ മാത്രമല്ല, അന്പയറെയും സ്വന്തം ടീമംഗങ്ങളെ പോലും ഞെട്ടിച്ചു. എന്നാൽ, ബൗളിംഗ് ആക്ഷൻ നിയമവിരുദ്ധമെന്നായിരുന്നു അന്പയറുടെ വിധി. സ്വിച്ച് ഹിറ്റിന് അംഗീകാരമെങ്കിൽ ഇത്തരം പരീക്ഷണങ്ങൾ പ്രോത്സാഹിപ്പിക്കണമെന്ന വാദവുമായി പലരും രംഗത്തെത്തിയിട്ടുണ്ട്. മുൻ ഇന്ത്യൻ താരമായ ബിഷൻ സിംഗ് ബേദി പക്ഷേ, വികലം എന്നാണ് ശിവയുടെ ആക്ഷനെ ട്വിറ്ററിൽ വിശേഷിപ്പിച്ചത്. ഈ വർഷത്തെ അണ്ടർ 19 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു ശിവ.
360 ഡിഗ്രി ബൗളിംഗ് പരീക്ഷണം!
12:18 AM Nov 09, 2018 | Deepika.com