ലണ്ടൻ: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ ഇന്നും നാളെയും സൂപ്പർ പോരാട്ടങ്ങൾ. പോർച്ചുഗീസ് താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ പഴയ തട്ടകമായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഓൾഡ് ട്രാഫോഡിൽ എത്തുന്നതാണ് ഇന്നത്തെ ശ്രദ്ധേയ മത്സരം. യൂറോപ്യൻ പ്രമുഖ ലീഗുകളിലായി 400 ഗോൾ എന്ന നാഴികക്കല്ല് സ്വന്തമാക്കിയാണ് റൊണാൾഡോ എത്തുന്നത്. ഗ്രൂപ്പിൽ രണ്ട് ജയവുമായി ഇറ്റാലിയൻ ക്ലബ് ഒന്നാമതും ഒരു ജയവും ഒരു സമനിലയുമായി ഇംഗ്ലീഷ് സംഘം രണ്ടാമതുമാണ്.
സീരി എയിൽ ജെനോവയോട് 1-1 സമനില വഴങ്ങി തുടർ ജയത്തിന്റെ ചരട് പൊട്ടിയശേഷമാണ് യുവന്റസ് യുണൈറ്റഡിന്റെ തട്ടകത്തിൽ എത്തുന്നത്. അതേസമയം, ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയെ സമനിലയിൽ പിടിച്ച് ഫോമിലേക്ക് മടങ്ങിവരവിന്റെ സൂചന നല്കിയാണ് യുണൈറ്റഡ് ഇന്ന് കളത്തിലിറങ്ങുക. യുണൈറ്റഡിന്റെ യൂത്ത് ടീമിലെ മൂന്ന് അംഗങ്ങൾ സീനിയർ ടീമിനൊപ്പം പരിശീലനത്തിൽ ഏർപ്പെട്ടിരുന്നു.
ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ തലപ്പത്തുള്ള പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി, ജർമൻ വന്പനായ ബയേണ് മ്യൂണിക്ക്, സ്പാനിഷ് കരുത്തരായ റയൽ മാഡ്രിഡ് തുടങ്ങിയവയും ഇന്ന് കളത്തിലുണ്ട്. ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് യൂലൻ ലോപെടെയി പരിശീലിപ്പിക്കുന്ന റയൽ ഇപ്പോൾ കടന്നുപോകുന്നത്.
നാളെ നടക്കുന്നതിൽ ശ്രദ്ധേയ പോരാട്ടം ബാഴ്സലോണയും ഇന്റർ മിലാനും തമ്മിലാണ്. സ്പാനിഷ് ലാ ലിഗയിൽ എതിർതാരവുമായി കൂട്ടിയിടിച്ച് വീണ് കൈ ഒടിഞ്ഞ ലയണൽ മെസി ഇല്ലാതെയാണ് ബാഴ്സ ഇറങ്ങുക. പിഎസ്ജിയും നാപോളിയും തമ്മിലുള്ള പോരാട്ടവും നാളെ നടക്കും. ലിവർപൂൾ, ടോട്ടനം തുടങ്ങിയവയും നാളെ ഇറങ്ങും.
റൊണാൾഡോ ഓൾഡ് ട്രാഫോഡിൽ
12:15 AM Oct 23, 2018 | Deepika.com