തൃശൂർ: സ്പെയിനിലെ പ്രധാന ലീഗായ ലാ ലിഗയുടെ ഫുട്ബോൾ സ്കൂളുകൾ ഇനി കേരളത്തിലും. ലുലു കണ്വൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ മന്ത്രി എ.സി. മൊയ്തീൻ ലാലിഗ ഫുട്ബോൾ സ്കൂൾ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യ ഓണ്‍ ട്രാക്കുമായി സഹകരിച്ച് അടിസ്ഥാനതലത്തിൽ സമഗ്രമായ ഫുട്ബോൾ വികസനത്തിനായി ഇന്ത്യയിലെ നഗരങ്ങളിൽ നടപ്പാക്കുന്ന പദ്ധതിയാണു ലാലിഗ ഫുട്ബോൾ സ്കൂൾ. കേരളത്തിൽ പ്രാദേശിക പങ്കാളിയായ ക്രിയോർട്സ് ഫെസിലിറ്റീസ് ആൻഡ് സെന്റേഴ്സ് ആയിരിക്കും ഇതിന് ആതിഥേയത്വം വഹിക്കുക.
കേരളത്തിലെ പരിപാടിയുടെ തുടക്കമെന്ന നിലയിൽ ഈ മാസം 27, 28 തീയതികളിൽ തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ സൗജന്യ ശില്പശാല നടത്തുമെന്നു ക്രിയോർട്സ് ഡയറക്ടർ സാബിർ അലിക്കുട്ടി പറഞ്ഞു. ലാലിഗ തെരഞ്ഞെടുക്കുന്ന സ്കൂളുകളിലെ കുട്ടികൾക്കു പരിശീലനം നൽകി അതിൽനിന്നു മികവ് പ്രകടിപ്പിക്കുന്ന കുട്ടികൾക്കു ലാലിഗ സ്കൂളിലൂടെ പ്രത്യേക പരിശീലനം നൽകുകയാണു ചെയ്യുക. കേരളത്തിൽ കോഴിക്കോട് മുക്കത്തുള്ള വാദിരമ സ്കൂളുമായാണ് ഇപ്പോൾ ലാലിഗ കരാർ ഒപ്പിട്ടിരിക്കുന്നത്.
ലാ ലിഗ സ്കൂളുകൾ കേരളത്തിലും
12:15 AM Oct 23, 2018 | Deepika.com