ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ഗോളടിമേളം. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ബേണ്‍ലിയെ 0-5ന് ചാന്പലാക്കി സിറ്റി ലീഗിന്റെ തലപ്പത്തെത്തി. സെർജ്യോ അഗ്വെയ്റോ (17-ാം മിനിറ്റ്), ബോർനാഡൊ സിൽവ (54-ാം മിനിറ്റ്), ഫെർണാണ്ടീഞ്ഞോ (56-ാം മിനിറ്റ്), റിയാദ് മഹ്റെസ് (83-ാം മിനിറ്റ്), ലെറോയ് സനൈ (90-ാം മിനിറ്റ്) എന്നിവരാണ് സിറ്റിക്കായി ഗോൾ നേടിയത്. ഇതോടെ 34 ലീഗ് മത്സരങ്ങളിൽ തോൽവി അറിയാതെ റിക്കാർഡ് കുറിച്ചു പെപ് ഗ്വാർഡിയോളയുടെ സംഘം. മുഹമ്മദ് സലയുടെ (24-ാം മിനിറ്റ്) ഗോളിൽ ലിവർപൂൾ എവേ പോരാട്ടത്തിൽ ഹഡേഴ്സ്ഫീൽഡിനെ കീഴടക്കി. സലയുടെ 50-ാം ഗോളായിരുന്നു അത്.
ടോട്ടനവും എവേ ജയം സ്വന്തമാക്കി. വെസ്റ്റ് ഹാം യുണൈറ്റഡിനെതിരേ എറിക് ലമേല (44-ാം മിനിറ്റ്) നേടിയ ഗോളിലാണ് ടോട്ടനം 0-1ന്റെ ജയം നേടിയത്. ഒന്‍പത് മത്സരങ്ങൾ പൂർത്തിയായപ്പോൾ സിറ്റിക്കും ലിവർപൂളിനും 23 പോയിന്റ് വീതമാണ്. ഗോൾ ശരാശരിയിൽ സിറ്റിയാണ് തലപ്പത്ത്. 21 പോയിന്റുമായി ചെൽസി മൂന്നാം സ്ഥാനത്താണ്. ടോട്ടനത്തിനും 21 പോയിന്റ് ഉണ്ട്.
സിറ്റിയുടെ ഗോളടിമേളം
12:53 AM Oct 22, 2018 | Deepika.com