ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ക്ലബ്ബായ ചെൽസിയുടെ സ്വന്തമായിരുന്ന ഐവറികോസ്റ്റ് താരം ദിദിയെ ദ്രോഗ്ബ തന്റെ നാല്പതാം വയസിലും അദ്ഭുതഗോൾ നേടി ആരാധകരെ ഞെട്ടിച്ചു. അമേരിക്കൻ സോക്കർ ലീഗിലെ പ്ലേ ഓഫ് മത്സരത്തിൽ ഫീനിക്സ് റൈസിംഗിനു വേണ്ടി പോർട്ട്ലൻഡ് ടിംബേഴ്സിനെതിരേയാണ് മിന്നും ഗോൾ നേടി താരം വാർത്തകളിൽ നിറഞ്ഞത്.
ഫിനിക്സിനായി 28-ാം മിനിറ്റിലായിരുന്നു നാല്പതുകാരനായ ദ്രോഗ്ബ 40 വാര അകലെനിന്നുള്ള ഫ്രീകിക്ക് ഗോൾ നേടിയത്. മത്സരത്തിൽ 3-0ന്റെ ജയം നേടിയ ഫിനിക്സ് പ്ലേ ഓഫ് കടന്പ കടന്നു.
ഈ സീസണിൽ ആദ്യമായല്ല ദ്രോഗ്ബ വാർത്തകളിൽ ഇടംപിടിക്കുന്നത്. ലോസ് ആഞ്ചൽസ് ഗാലക്സിയുമായുള്ള മത്സരത്തിനിടയിൽ കോർണർ എടുക്കുന്നതിനു മുൻപ് അവിടെയിരുന്ന കുട്ടികളുടെ കൈയിൽനിന്നും വെള്ളം വാങ്ങിക്കുടിച്ചും അതിനു ശേഷം വിജയഗോൾ നേടിയത് അവർക്കൊപ്പം ആഘോഷിച്ചും താരം ശ്രദ്ധ നേടിയിരുന്നു.
പ്രായം 40; 40 വാര ദൂരെനിന്ന് ദ്രോഗ്ബ ഗോൾ
12:53 AM Oct 22, 2018 | Deepika.com