ദുബായ്: വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരന്പരയിൽ മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യയുടെ യുവ ബാറ്റ്സ്മാന്മാരായ ഋഷഭ് പന്തിനും പൃഥ്വി ഷായ്ക്കും ഐസിസി റാങ്കിംഗിൽ വൻനേട്ടം. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ഒന്നാം റാങ്കിൽ തുടരുകയാണ്.
വെസ്റ്റ് ഇൻഡീസിനെതിരേ രാജ്കോട്ടിൽ അരങ്ങേറ്റം കുറിച്ച പൃഥ്വി ഷാ 13 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 60ൽ എത്തി. രാജ്കോട്ടിൽ കന്നി സെഞ്ചുറിയിലൂടെ മാൻ ഓഫ് ദ മാച്ച് ആയ ഷാ ഹൈദരാബാദ് ടെസ്റ്റ് ആരംഭിക്കുന്നതിനു മുന്‍പ് 73-ാം റാങ്കിലായിരുന്നു. ഹൈദരാബാദിൽ 70ഉം 33ഉം റണ്‍സ് നേടിയതാണ് ഷായുടെ മുന്നേറ്റത്തിനു കാരണം.
23 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഋഷഭ് പന്ത് 62-ാം സ്ഥാനത്ത് എത്തി. ഇന്ത്യയുടെ മധ്യനിരക്കാരനായ അജിങ്ക്യ രഹാനെയും സ്ഥാനം മെച്ചപ്പെടുത്തി. 18-ാം റാങ്കിലാണ് രഹാനെ ഇപ്പോൾ. രണ്ടാം ടെസ്റ്റിൽ 10 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഉമേഷ് യാദവ് ബൗളർമാരുടെ റാങ്കിംഗിൽ 25-ാം സ്ഥാനത്താണ്. ഹോം സീരീസിൽ 10 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന മൂന്നാമത് ഇന്ത്യൻ ബൗളറാണ് ഉമേഷ്.
റാങ്കിംഗിൽ മുന്നേറി പൃഥ്വി, പന്ത്
12:17 AM Oct 16, 2018 | Deepika.com