ഹൈദരാബാദ്: കൗമാര ഓപ്പണർ പൃഥ്വി ഷായെ ആധുനിക ക്രിക്കറ്റിലെ പ്രമുഖരായ സച്ചിൻ തെണ്ടുൽക്കർ, വിരേന്ദർ സെവാഗ്, ബ്രയാൻ ലാറ എന്നിവരുമായി സാദൃശ്യപ്പെടുത്തി ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രവി ശാസ്ത്രി. പൃഥ്വി ക്രിക്കറ്റ് കളിക്കാനായി ജനിച്ചവനാണ്. എട്ട് വയസ് ഉള്ളപ്പോൾ മുതൽ അവൻ മുംബൈ മൈതാനങ്ങളിൽ കഴിവു തെളിയിച്ചു. പ്രതിഭാസന്പന്നനാണ്. സച്ചിൻ, സെവാഗ്, ലാറ എന്നിവരുടെ പ്രതിഫലനങ്ങൾ പൃഥ്വിയിൽ ദർശിക്കാനാകും- പതിനെട്ടുകാരനായ ഓപ്പണറെക്കുറിച്ച് ശാസ്ത്രി പറഞ്ഞു.
രണ്ടാം ടെസ്റ്റിൽ വെടിക്കെട്ട് ബാറ്റിംഗിലൂടെ 53 പന്തിൽ 70 റണ്‍സ് ഒന്നാം ഇന്നിംഗ്സിൽ നേടിയ പൃഥ്വി രണ്ടാം ഇന്നിംഗ്സിൽ 33 റണ്‍സ് എടുത്ത് പുറത്താകാതെനിന്നു. രാജ്കോട്ടിൽനടന്ന ആദ്യ ടെസ്റ്റിൽ 134 റണ്‍സ് നേടി അരങ്ങേറ്റ മത്സരത്തിൽ സെഞ്ചുറിയും മാൻ ഓഫ് ദ മാച്ചും കൗമാര താരം സ്വന്തമാക്കിയിരുന്നു. രണ്ട് മത്സര പരന്പരയുടെ താരമായും പൃഥ്വി തെരഞ്ഞെടുക്കപ്പെട്ടു.
സച്ചിൻ, സെവാഗ്, ലാറ എന്നിവരുടെ പ്രതിബിംബമാണ് പൃഥ്വി: ശാസ്ത്രി
12:24 AM Oct 15, 2018 | Deepika.com