കയ്റോ: ഒളിന്പിക് ഗോളിലൂടെ (കോർണർ കിക്കിൽനിന്ന് നേരിട്ട് ഗോൾ) അദ്ഭുതപ്പെടുത്തി ഈജിപ്ഷ്യൻ സൂപ്പർ താരം മുഹമ്മദ് സല. ആഫ്രിക്കൻ നേഷൻസ് യോഗ്യതാ പോരാട്ടത്തിലാണ് സലയുടെ അദ്ഭുത ഗോളെത്തിയത്. മത്സരത്തിൽ ഈജിപ്ത് 4-1നു വിജയിച്ചു.
ലിവർപൂളിനുവേണ്ടി കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ചവച്ച സലയ്ക്ക് ഈ സീസണിൽ മികവു പൂർണമായി പുറത്തെടുക്കാനായില്ല. എന്നാൽ, വിമർശനങ്ങൾക്ക് കനത്ത തിരിച്ചടി നൽകുന്ന പ്രകടനമായിരുന്നു സലയുടേത്. ഇടവേളയ്ക്കു തൊട്ടുമുന്പായിരുന്നു സലയുടെ ഗോൾ. താരമെടുത്ത കോർണർ ഗോൾ പോസ്റ്റിലേക്കു വളഞ്ഞിറങ്ങുന്പോൾ എതിർ ടീം ഗോൾകീപ്പർ നിസഹായനായി. മത്സരത്തിൽ വിജയം നേടിയ ഈജിപ്ത് ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ്. രണ്ടു മത്സരങ്ങൾ പൂർത്തിയായപ്പോൾ ടുണീഷ്യയാണ് ഒന്നാം സ്ഥാനത്ത്.
മത്സരത്തിൽ സല ഗോൾ നേടിയത് ആരാധകർക്ക് സന്തോഷ വാർത്തയാണെങ്കിലും താരത്തിനു പരിക്കേറ്റത് ലിവർപൂളിനു തിരിച്ചടിയാകും. തുടയിലെ പേശികൾക്കു പരിക്കേറ്റതായാണ് സൂചനകൾ. എന്നാൽ, പരിക്കിന്റെ കൂടുതൽ വിവരങ്ങൾ വ്യക്തമല്ല.
സലയുടെ ഒളിന്പിക് ഗോൾ
11:50 PM Oct 13, 2018 | Deepika.com