ഇന്ത്യയുടെ കൗമാര ഓപ്പണിംഗ് ബാറ്റ്സ്മാന് പൃഥ്വി ഷാ ഇന്ന് ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കും. കെ.എല്‍. രാഹുലാണ് ഷായുടെ ഓപ്പണിംഗ് പങ്കാളി. ഇന്ത്യയുടെ 293മത്തെ ടെസ്റ്റ് കളിക്കാരനാകും ഷാ ഇന്ന്. വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള ടെസ്റ്റിന് ഒരു ദിവസം മുമ്പേ ഇന്ത്യ കളിക്കാന്‍ സാധ്യതയുള്ള 12 പേരെ പ്രഖ്യാപിച്ചു.
ആദ്യമായാണ് ഇങ്ങനെ ടീമിനെ പ്രഖ്യാപിക്കുന്നത്. ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് ഷായ്ക്ക് ടെസ്റ്റ് ടീമില്‍ വിളിവന്നത്. എന്നാല്‍ ഒരു മത്സരം പോലും ഷായ്ക്ക് ലഭിച്ചില്ല. ഷാ വന്നതോടെ ടീമിലെ മറ്റൊരു ഓപ്പണറായ മായങ്ക് അഗര്‍വാള്‍ പുറത്തിരിക്കും. ഇന്ന് അഞ്ച് സ്പെഷലിസ്റ്റ് ബൗളര്‍മാരുമായി ഇന്ത്യ ഇറങ്ങുമെന്ന് ഉറപ്പായി. 12-ാമനായി പേസ് ബൗളര്‍ ഷാര്‍ദുല്‍ ഠാക്കൂറിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഠാക്കൂറും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്.
മൂന്നു സ്പിന്നര്‍മാര്‍ ഇറങ്ങുമോയെന്ന കാര്യം ഇന്നറിയാം. രവിചന്ദ്രന്‍ അശ്വിന്, രവീന്ദ്ര ജഡേജ എന്നിവര്‍ക്കൊപ്പം കുല്‍ദീപ് യാദവും ഇറങ്ങിയാല്‍ ഠാക്കൂറിന് അവസരം ലഭിക്കില്ല. മുഹമ്മദ് ഷാമിയും ഉമേഷ് യാദവുമാണ് പേസ് ദ്വയം.
ഇംഗ്ലണ്ടിനെതിരേ ഓവല്‍ ടെസ്റ്റില്‍ 56 റണ്‍സുമായി അരങ്ങേറ്റം കുറിച്ച ഹനുമ വിഹാരിയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. വിക്കറ്റ്കീപ്പര്‍ ഋഷഭ് പന്ത് ആറാമനായി ഇറങ്ങും.
ബാറ്റിംഗിനിറങ്ങുമ്പോള്‍ പൃഥ്വി ഷായുടെ സ്വപ്നം യാഥാര്‍ഥ്യമാകും. സ്കൂള്‍ തലം മുതലേ റണ്‍സ് വാരിക്കൂട്ടി പ്രതിഭ തെളിയിച്ച പതിനെട്ടുകാരനായ ഷാ ഇന്ത്യന്‍ സീനിയര്‍ ടീമില്‍ കളിക്കുമെന്ന കാര്യം ഒട്ടും ആശ്ചര്യപ്പെടുത്തുന്നതായിരുന്നില്ല. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്കു നയിക്കുകയും ചെയ്തു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഈ കൗമാരതാരത്തിന് മികച്ച റിക്കാര്‍ഡാണുള്ളത്. 14 മത്സരങ്ങളില്‍ 56.72 ശരാശരിയില്‍ ഏഴു സെഞ്ചുറിയും അഞ്ച് അര്‍ധ സെഞ്ചുറിയും നേടിയിട്ടുണ്ട്. ഇതില്‍ 2016 നവംബറില്‍ രഞ്ജി ട്രോഫി അരങ്ങേറ്റത്തില്‍ നേടിയ സെഞ്ചുറിയും ഉള്‍പ്പെടുന്നു. ഇതിന് ഒരു വര്‍ഷത്തിനുശേഷം ദുലീപ് ട്രോഫിയില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനുമായി.
പൃഥ്വി ഷാ അരങ്ങേറ്റം കുറിക്കും
12:15 AM Oct 04, 2018 | Deepika.com