ടൂറിന്/മോസ്കോ: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ അപ്രതീക്ഷിത മത്സ രം മത്സരഫലങ്ങള്‍. നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് തോറ്റപ്പോള്‍ ബയേണ്‍ മ്യൂണിക്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമുകള്‍ സമനില കൊണ്ടു തൃപ്തരായി. യുവന്റസ് അനായാസ ജയം നേടിയപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റി വിജയത്തിനായി വിയര്‍പ്പൊഴുക്കി. ബെന്‍ഫിക്ക, എഎസ് റോമ ടീമുകള്‍ ജയിച്ചു.
തോല്‍വിയില്‍ പകച്ച് റയല്‍
സിഎസ്കെഎ മോസ്കോയെ അനായാസം തോല്പ്പിക്കാമെന്നു കരുതിയെത്തിയ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് അപ്രതീക്ഷിത തോല്‍വിയേറ്റുവാങ്ങി. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു റയലിന്റെ തോല്‍വി. ഇതോടെ റയലിന് കഴിഞ്ഞ മൂന്നു മത്സരങ്ങളിലും ജയിക്കാനായില്ല. ഗോള്‍ നേടാന്‍ ആളില്ലാതെ പോയതാണ് റയലിനു വിനയാകുന്നത്. കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ റയലിന് രണ്ടു ജയം മാത്രമേ നേടാനായുള്ളൂ.
ഫൈനല്‍ വിസിലിനു തൊട്ടുമുമ്പ് രണ്ടാം മഞ്ഞകാര്‍ഡ് കണ്ട് ഗോള്‍കീപ്പര്‍ ഇഗര്‍ അകിന്‍ഫീവ് പുറത്തായത് ലുഷ്നിക്കി സ്റ്റേഡിയത്തില്‍ സിഎസ്കെഎ നേടിയ തകര്‍പ്പന്‍ ജയത്തിന്റെ ശോഭ കെടുത്തി.
സ്വന്തം കാണികളുടെ മുന്നിലിറങ്ങിയ സിഎസ്കെഎ രണ്ടാം മിനിറ്റില്‍ വലകുലുക്കി. ക്രൊയേഷ്യന്‍ വിംഗര്‍ നിക്കോള വ്ലാസിച്ചാണ് ഗോള്‍ നേടിയത്. റയലിന്റെ ടോണി ക്രൂസിന്റെ ബാക് പാസ് പിഴച്ചതാണ് ഗോളിനു വഴിയൊരുക്കിയത്. ഗാരത് ബെയ്ല്, സെര്‍ജിയോ റാമോസ് എന്നിവരും ടീമിലില്ലായിരുന്നു.
മറ്റൊരു മത്സരത്തില്‍ റോമ എതിരില്ലാത്ത അഞ്ചു ഗോളിന് വിക്ടോറിയ പ്ലസനെ തോല്‍പ്പിച്ചു. എഡിന് സെക്കോയുടെ ഹാട്രിക്കാണ് റോമയ്ക്ക് മികച്ച ജയമൊരുക്കിയത്. 3, 40, 90+2 മിനിറ്റുകളിലാണ് സെക്കോയുടെ ഗോളുകള്‍. സെന്‍ഗിസ് അണ്ടര്‍ (64’), ജസ്റ്റിന് ക്ലൈവര്‍ട്ട് (73’) എന്നിവര്‍ റോമയുടെ ഗോള്‍ പട്ടികയില്‍ ഇടംപിടിച്ചു.
ഹാട്രിക് ഡൈബല
പൗളോ ഡൈബലയുടെ ഹാട്രിക് മികവില്‍ യുവന്റസ് എതിരില്ലാത്ത മൂന്നു ഗോളിന് യംഗ് ബോയ്സിനെ തകര്‍ത്തു.
അഞ്ചാം മിനിറ്റില്‍ അനായാസമായ ഗോളില്‍ യുവന്റസ് മുന്നിലെത്തി. യംഗ് ബോയ്സിന്റെ പ്രതിരോധ നിരയ്ക്കു മുകളിലൂടെ ലിയനാര്ണോ ബൊനൂച്ചി നല്കിയ ലോംഗ് ബോളിലേക്ക് കൃത്യ സമയത്ത് ഓടിയെത്തിയ ഡൈബല വലകുലുക്കി. സീരി എയില്‍ താളം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന അര്‍ജന്റൈന്‍ താരം 33-ാം മിനിറ്റില്‍ രണ്ടാം ഗോള്‍ നേടി. ബ്ലെയ്സ് മറ്റ്യൂഡിയുടെ ഷോട്ട് ഗോള്‍കീപ്പര്‍ ഡേവിഡ് വോണ്‍ ബാള്മൂസിന്റെ കൈയില്‍തട്ടി റീബൗണ്ടായി വന്ന പന്ത് ഡൈബല വലയിലേക്കു തിരിച്ചുവിട്ടു. 69-ാം മിനിറ്റില്‍ ഡൈബല ഹാട്രിക് തികച്ചു. ഇതോടെ ചാമ്പ്യന്‍സ് ലീഗില്‍ ഹാട്രിക് നേടുന്ന നാലാമത്തെ യുവന്റസ് കളിക്കാരാനായി ഡൈബല.
സ്വന്തം ഗ്രൗണ്ടില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വലന്‍സിയയുമായി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ഗ്രൂപ്പ് എച്ചില് നാലു പോയിന്റുമായി യുണൈറ്റഡ് രണ്ടാം സ്ഥാനത്താണ്.
ബയേണു സമനില
യുവകളിക്കാരുമാരുമായി ബയേണ്‍ മ്യൂണിക്കിനെ നേരിട്ട അയാക്സ് അംസ്റ്റര്ഡം അര്‍ഹിച്ച സമനില നേടി. ബയേണിന്റെ അലയന്‍സ് അരീനയില്‍ നടന്ന ഗ്രൂപ്പ് ഇ മത്സരം 1-1ന് സമനിലയില്‍ പിരിഞ്ഞു. മാറ്റ് ഹമ്മല്‍സ് നാലാം മിനിറ്റില്‍ നേടിയ ഹെഡറില്‍ ബയേണ്‍ മുന്നിലെത്തി. തുടക്കത്തിലേ ഒരു ഗോളിനു പിന്നിലായെങ്കിലും അയാക്സ് തളര്‍ച്ചയില്ലാതെ പൊരുതി. ഇതിന്റെ ഫലവും കിട്ടി. 22-ാം മിനിറ്റില്‍ നൗസയര്‍ മസറൗയിയുടെ ഗോളില്‍ അയാക്സ് സമനില പിടിച്ചു.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ബെന്‍ഫിക്ക 3-2ന് എഇകെ ആഥന്‍സിനെ തോല്‍പ്പിച്ചു.
സിറ്റിക്കു ജയം
സെര്‍ജിയോ അഗ്വേറോയുടെ ഒരു ഗോളും അവസാനം ഡേവിഡ് സില്‍വയുടെ ഗോളും ചേര്‍ന്നപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റി 2-1ന് ഹോഫന്‍ഹീമിനെ തോല്‍പ്പിച്ചു. ആദ്യ മിനിറ്റില്‍ ഇസ്ഹാക് ബെല്‍ഫോഡില്‍ ആതിഥേയരെ മുന്നിലെത്തിച്ചു. സിറ്റിക്ക് തിരിച്ചടിക്കാന്‍ ആറു മിനിറ്റേ വേണ്ടിവന്നുള്ളൂ. അഗ്വേറോയുടെ ഗോളില്‍ സമനില. സിറ്റിയെ ഗോളടിപ്പിക്കാന്‍ അനുവദിക്കാതെ കളിച്ച ജര്‍മന്‍ ക്ലബ്ബിന്റെ സമനില മോഹങ്ങള്‍ തകര്‍ത്തുകൊണ്ട് 87-ാം മിനിറ്റില്‍ സില്‍വ സിറ്റിക്ക് വിജയം നല്കി.
ലിയോണ്‍-ഷാക്തര്‍ ഡൊണറ്റ്സ്ക് മത്സരം 2-2ന് സമനിലയായി. ഗ്രൂപ്പ് എഫില്‍ നാലു പോയിന്റുമായി ലിയോണാണ് മുന്നില്‍. മൂന്നു പോയിന്റുള്ള സിറ്റിയാണ് രണ്ടാം സ്ഥാനത്ത്.
റയല്‍ ഞെട്ടി; അനായാസം യുവന്റസ്
12:15 AM Oct 04, 2018 | Deepika.com