ഭുവനേശ്വർ: 58-ാമത് ദേശീയ ഓപ്പണ്‍ അത്ലറ്റിക്സിൽ ആദ്യ സ്വർണം റെയിൽവേസിന്റെ ശർമിള കുമാരിക്ക്. വനിതകളുടെ ജാവലിൻ ത്രോയിലാണ് ശർമിള സ്വർണം കരസ്ഥമാക്കിയത്. 54.85 മീറ്റർ ദൂരം കണ്ടെത്തി റെയിൽവേ താരം സ്വർണത്തിൽ മുത്തമിട്ടു. റെയിൽവേയുടെ അനു റാണി (52.98 മീറ്റർ), കെ. രശ്മി (50.16 മീറ്റർ) എന്നിവർ യഥാക്രമം വെള്ളിയും വെങ്കലവും സ്വന്തമാക്കി.
പുരുഷന്മാരുടെ പോൾവോൾട്ടിൽ സർവീസസിന്റെ എസ്. ശിവ സ്വർണം നേടി. 5.10 മീറ്റർ ഉയരം കണ്ടെത്തി മീറ്റ് റിക്കാർഡോടെയാണ് ശിവ സ്വർണത്തിന് അർഹനായത്. റെയിൽവേയുടെ ജെ. പ്രീത് (5.05 മീറ്റർ), ഗോവയുടെ അനസ് ബാബു (4.95 മീറ്റർ) എന്നിവർ വെള്ളിയും വെങ്കലവും നേടി. കേരളത്തിനായി ഇറങ്ങിയ സി.ബി. അനൂപ് (4.85 മീറ്റർ) ആറാം സ്ഥാനത്തായി.
പുരുഷന്മാരുടെ 10000 മീറ്റർ ഓട്ടത്തിൽ ഗുജറാത്തിന്റെ മുരളികുമാർ ഗവിത് (29:49.79) സ്വർണവും റെയിൽവേസിന്റെ രഞ്ജിത് പട്ടേൽ (29:50.43) വെള്ളിയും സർവീസസിന്റെ പ്രദീപ് സിംഗ് (29:52.37) വെങ്കലവും സ്വന്തമാക്കി. വനിതകളുടെ 10000 മീറ്ററിൽ റെയിൽവേയുടെ എൽ. സൂര്യ സ്വർണം നേടി. രാജസ്ഥാന്റെ മീനു എൽഐസിയുടെ മോണിക എന്നിവർ വെള്ളിയും വെങ്കലവും നേടി.
ഓപ്പൺ അത്ലറ്റിക്സ്: ആദ്യ സ്വർണം ശർമിളയ്ക്ക്
12:27 AM Sep 26, 2018 | Deepika.com