ഭുവനേശ്വർ: മലയാളികളുടെ സ്വന്തം താരമായ പി.യു. ചിത്ര എന്ന ഏഷ്യാഡ് മെഡൽ ജേതാവ് ഇതാദ്യമായി കേരളത്തിനൊപ്പമില്ല. ഇന്നാരംഭി ക്കുന്ന 58-ാമത് ദേശീയ ഓപ്പണ്‍ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിലാണ് കേരളം ചിത്രയില്ലാതെ ഇറങ്ങുന്നത്. സ്കൂൾ തലംമുതൽ ഇക്കാലമത്രയും കേരളത്തെ പ്രതിനിധീകരിച്ച ചിത്ര ഭുവനേശ്വറിൽ നടക്കുന്ന ഓപ്പണ്‍ അത്ലറ്റിക്സിൽ റെയിൽവേസിനെ പ്രതിനിധീകരിക്കും.
ഇന്ത്യൻ റെയിൽവേ ചിത്രയ്ക്ക് ജോലി നല്‍കിയതോടെയാണ് പാലക്കാടുകാരി കേരളത്തിനു പുറത്ത് മത്സരിക്കുന്നത്. ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷനിൽ സീനിയർ ക്ലാർക്കായാണ് ചിത്ര ജോലിയിൽ പ്രവേശിച്ചത്. കാത്തിരുന്ന ജോലി ജക്കാർത്ത ഏഷ്യൻ ഗെയിംസിലെ 1500 മീറ്റർ വെങ്കലനേട്ടത്തിന് പിന്നാലെ ലഭിച്ച സന്തോഷത്തിലാണ് ചിത്ര.
കേരള സർക്കാർ ജോലി വാഗ്ദാനം ചെയ്തെങ്കിലും തീരുമാനമാകാത്തതിനാലാണ് ചിത്രയ്ക്ക് റെയിൽവേയിൽ ചേരേണ്ടിവന്നത്. മൂന്നുതവണ അപേക്ഷിച്ചിട്ടും സംസ്ഥാന സർക്കാർ ഇതുവരെ ജോലി നൽകാൻ തയാറായായിരുന്നില്ല. തുടർന്നാണ് ചിത്ര റെയിൽവേയിൽ ജോലിക്കായി അപേക്ഷിച്ചത്. ആദ്യം ലഭിച്ച ജോലി എന്ന നിലയിലാണ് ഈ ജോലി സ്വീകരിച്ചതെന്നു ചിത്ര മാധ്യമങ്ങളോടു പറഞ്ഞു. അത്ലറ്റിക്സിൽ കേരളത്തിന്റെ ഉറച്ച മെഡൽ ആണ് ഇതിലൂടെ നഷ്ടമാകുന്നത്. കേരളത്തെ പ്രതിനിധീകരിച്ച് 32 അംഗ സംഘമാണ് ചാന്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.
ചിത്രയില്ലാതെ ഓപ്പണ്‍ അത്ലറ്റിക്സിനു കേരളം
12:27 AM Sep 25, 2018 | Deepika.com