മാഡ്രിഡ്: മാര്‍കോ അസെന്‍സിയോ നേടിയ ഗോളില്‍ ലാ ലിഗയില്‍ റയല്‍ മാഡ്രിഡ് 1-0ന് എസ്പാനിയോളിനെ തോല്‍പ്പിച്ചു. ഇതോടെ റയലിന് ഒന്നാം സ്ഥാനത്തെത്താനായി. റയലിന്റെ സ്വന്തം സാന്റിയാഗോ ബര്‍ണാബുവില്‍ ഞെട്ടിക്കുന്ന പ്രകടനം നടത്താന്‍ സന്ദര്‍ശകരായ എസ്പാനിയോളിനായി. എന്നാല്‍ ശക്തമായി പൊരുതിയ റയല്‍ വിജയം നേടിയെടുക്കുകയായിരുന്നു. ചാമ്പ്യന്‍സ് ലീഗില്‍ എഎസ് റോമയെ പരാജയപ്പെടുത്തിയ ടീമിലെ ഗാരത് ബെയ്ൽ, മാഴ്സലോ, ടോണി ക്രൂസ് എന്നിവര്‍ക്കു വിശ്രമം നല്കിയ ടീമില്‍ അല്‍വരോ ഒഡ്രിയോസോല പ്രതിരോധത്തില്‍ ഡാനി കര്വാഹലിനു പകരം അരങ്ങേറ്റം കുറിച്ചു.
പന്തടക്കത്തില്‍ റയലിനായിരുന്നു ആധിപത്യമെങ്കിലും എസ്പാനിയോള്‍ കിട്ടിയ അവസരങ്ങളില്‍ ആക്രമിച്ചുകൊണ്ടിരുന്നു. 41-ാം മിനിറ്റില്‍ ലൂക്ക മോഡ്രിച്ചിന്റെ പാസില്‍നിന്നാണ് അസെന്‍സിയോ ഗോള്‍ നേടിയത്.
അത്ലറ്റിക്കോ മാഡ്രിഡ് 2-0ന് ഗെറ്റഫെയെ തോല്‍പ്പിച്ചു. ഡേവിഡ് സോറിയയുടെ സെല്‍ഫ് ഗോളില്‍ 14-ാം മിനിറ്റില്‍ അത്ലറ്റിക്കോ മുന്നിലെത്തി. 60-ാം മിനിറ്റില്‍ തോമസ് ലെമര്‍ അത്ലറ്റിക്കോയുടെ ജയം ഉറപ്പിച്ചു. അത്ലറ്റിക്കോ അഞ്ചാം സ്ഥാനത്താണ്.
റയലിനു ജയം, തലപ്പത്ത്
12:10 AM Sep 24, 2018 | Deepika.com