ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റ് സൂപ്പർ ഫോർ പോരാട്ടങ്ങൾക്ക് ഇന്നു തുടക്കം. ഇന്ന് രണ്ട് മത്സരങ്ങൾ നടക്കും. ഇന്ത്യ ബംഗ്ലാദേശിനെതിരേ ഇറങ്ങുന്പോൾ പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാനുമായി പോരാടും. ഇരു മത്സരങ്ങളും ഇന്ത്യൻ സമയം വൈകുന്നേരം അഞ്ചിനാണ്.
ഗ്രൂപ്പ് എ, ബി എന്നിവയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തിയ ടീമുകളാണ് സൂപ്പർ ഫോറിൽ. നാല് ടീമുകളും പരസ്പരം ഓരോ തവണ ഏറ്റുമുട്ടും. സൂപ്പർ ഫോറിൽ ആദ്യ രണ്ട് സ്ഥാനത്ത് എത്തുന്നവർ 28നു നടക്കുന്ന ഫൈനലിൽ കൊന്പുകോർക്കും.
സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിനായി ഇന്ത്യ ഇന്ന് ഇറങ്ങുന്നത് ആത്മവിശ്വാസത്തോടെയാണ്. എന്നാൽ, ശ്രീലങ്കയെ വീഴ്ത്തിയാണ് ബംഗ്ലാദേശ് എത്തുന്നതെന്നതും ഏകദിനത്തിലെ അനിഷേധ്യ ശക്തിയായി അവർ വളർന്നുകൊണ്ടിരിക്കുകയാണെന്നതും ഇന്ത്യക്ക് കാര്യങ്ങൾ കടുപ്പമേറിയതാക്കും.
സൂപ്പർ ഫോറിനു മുന്പ് മൂന്ന് താരങ്ങൾ പരിക്കേറ്റ് പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായിട്ടുണ്ട്. പരിക്കേറ്റ ഹാർദിക് പാണ്ഡ്യക്ക് പകരം ദീപക് ചാഹറിനെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇന്ന് അദ്ദേഹം കളിക്കുമോ എന്നത് വ്യക്തമല്ല. നേരിട്ട് അവസാന ഇലവണിൽ ചാഹർ ഉൾപ്പെടാൻ സാധ്യത കുറവാണ്. ഭുവനേശ്വർ കുമാറിനു വിശ്രമം നല്കി യുവ പേസർ ഖലീൽ അഹമ്മദിനെ ഇന്ത്യ ഇറക്കാനും സാധ്യതയുണ്ട്. ഇന്നലെ ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരേ അബുദാബിയിൽ ഇറങ്ങിയ ബംഗ്ലാദേശിന് ഇന്ത്യക്കെതിരേ ഇന്ന് ദുബായിലാണ് മത്സരം.
പാണ്ഡ്യ, പട്ടേൽ, ഠാക്കൂർ പുറത്ത്
ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിൽനിന്ന് പാക്കിസ്ഥാനെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, ഷാർദുൾ ഠാക്കൂർ എന്നിവരെ ഒഴിവാക്കി. പരിക്കിനെത്തുടർന്നാണ് മൂവരെയും ടീമിൽനിന്ന് മാറ്റുന്നതെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. പകരം ദീപക് ചാഹർ, രവീന്ദ്ര ജഡേജ, സിദ്ധാർഥ് കൗൾ എന്നിവരെ ഉൾപ്പെടുത്തി.
ഏഷ്യ കപ്പിൽ ഇനി സൂപ്പർ ഫോർ
12:11 AM Sep 21, 2018 | Deepika.com