ബാഴ്സലോണ: ലയണല്‍ മെസിയുടെ ഹാട്രിക് മികവില്‍ ബാഴ്സലോണയ്ക്കു മികച്ച ജയം. ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ഗ്രൂപ്പ് ബിയില്‍ മുന്‍ ചാമ്പ്യന്മാരായ ബാഴ്സലോണ 4-0ന് എഎസ്വി ഐന്തോവനെ തോല്‍പ്പിച്ചു. മെസിയുടെ 48-ാം കരിയര്‍ ഹാട്രിക്കായിരുന്നു.
31-ാം മിനിറ്റില്‍ മെസിയുടെ ഫ്രീകിക്കില്‍ ബാഴ്സലോണ മുന്നിലെത്തി. 2018ല്‍ ഫ്രീകിക്കിലൂടെ മെസിയുടെ എട്ടാമത്തെ ഗോളായിരുന്നു. അര്‍ജന്റൈന്‍ സൂപ്പര്‍താരത്തിന്റെ ഗോളിനുശേഷം ബാഴ്സലോണയ്ക്കു ലീഡ് ഉയര്‍ത്താന്‍ 74-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടിവന്നു. ഔസാമെന് ഡെംബലയെയാണ് ബാഴ്സയുടെ രണ്ടാമത്തെ ഗോള്‍ നേടിയത്.
77-ാം മിനിറ്റില്‍ ഇവാന് റാക്കിട്ടിച്ചിന്റെ പാസില്‍ മെസി രണ്ടാം ഗോള്‍ നേടി. രണ്ടു മിനിറ്റ് കഴിഞ്ഞ് രണ്ടാമത്തെ മഞ്ഞക്കാര്‍ഡ് കണ്ട് സാമുവല്‍ ഉംറ്റിറ്റി പുറത്തായി. പത്തുപേരായി ചുരുങ്ങിയ ബാഴ്സ ഒരു ഗോളും കൂടി സ്വന്തമാക്കി. ലൂയിസ് സുവാരസിന്റെ പാസില്‍നിന്നായിരുന്നു മെസിയുടെ ഹാട്രിക് പിറന്നത്.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ടോട്ടനത്തോട് പിന്നില്‍നിന്നശേഷം 2-1ന് ഇന്റര്‍ മിലാന് ജയിച്ചു.
മെസി ഹാട്രിക്കിൽ ബാഴ്സലോണ
10:47 PM Sep 19, 2018 | Deepika.com