ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായ രവി ശാസ്ത്രിയെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് മുൻ താരമായ ചേതൻ ചൗഹാൻ. ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യയുടെ ദയനീയ പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യപരിശീലകനെ നീക്കണമെന്ന് ചൗഹാൻ ആവശ്യപ്പെട്ടത്. ഇംഗ്ലണ്ടിനോട് ടെസ്റ്റ് പരന്പര 1-4നു പരാജയപ്പെട്ടതിനു പിന്നാലെ രവി ശാസ്ത്രിക്കെതിരേ പടപ്പുറപ്പാട് ആരംഭിച്ചിരുന്നു.
ഓസ്ട്രേലിയൻ പര്യടനത്തിനു മുന്പ് രവി ശാസ്ത്രിയെ നീക്കണം. അദ്ദേഹം മികച്ചൊരു ക്രിക്കറ്റ് കമന്റേറ്ററാണ്. അദ്ദേഹത്തെ അതു ചെയ്യാൻ അനുവദിക്കുകയാണ് വേണ്ടത് - ചൗഹാൻ പറഞ്ഞു. ഇന്ത്യൻ മുൻ താരങ്ങളായ സൗരവ് ഗാംഗുലി, വിരേന്ദർ സെവാഗ് എന്നിവരും ശാസ്ത്രിയെ നീക്കം ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.
1980കളിലെ ഇന്ത്യൻ ടീമാണ് വിദേശ പര്യടനം നടത്തിയ ഏറ്റവും മികച്ച സംഘമെന്നും ചൗഹാൻ കൂട്ടിച്ചേർത്തു. ഇപ്പോഴത്തെ ടീമാണ് വിദേശത്ത് ഏറ്റവും മികച്ച പ്രകടനം നടത്തിയ ഇന്ത്യൻ സംഘമെന്ന് ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റിനു ശേഷം രവി ശാസ്ത്രി പറഞ്ഞിരുന്നു.
നവംബർ 21 മുതൽ ജനുവരി 18വരെയാണ് ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനം. പരന്പരയിൽ മൂന്ന് ട്വന്റി-20യും മൂന്ന് ഏകദിനവും നാല് ടെസ്റ്റുമാണ് ഉള്ളത്. ഡിസംബർ ആറിനാണ് ആദ്യ ടെസ്റ്റ്.
രവി ശാസ്ത്രിയെ പുറത്താക്കണം: ചേതൻ ചൗഹാൻ
10:47 PM Sep 17, 2018 | Deepika.com