തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയോട് അനുബന്ധിച്ച് മാനുവൽ പരിഷ്്കരണ കമ്മിറ്റി അനുമതി നല്കിയ ഗെയിംസ് ഇനങ്ങൾ ഇക്കുറി മത്സരത്തിന് ഉണ്ടാവില്ല. നിലവിൽ സംസ്ഥാന സ്കൂൾ കായികമേളയിൽ 21 ഗെയിംസ് ഇനങ്ങളാണ് ഉള്ളത്. ദേശീയ മത്സരങ്ങൾക്ക് ദിവസങ്ങൾ മാത്രം ബാക്കി നില്‍ക്കേ പുതിയ മത്സര ഇനങ്ങൾ ഉൾപ്പെടുത്തിയാൽ മത്സര നടത്തിപ്പ് വൻ പ്രതിസന്ധിയിലാകുമെന്ന പശ്ചാത്തലത്തിലാണ് കമ്മിറ്റി ഇക്കാര്യത്തിൽ താത്കാലി മാറ്റം നിർദേശിച്ചത്.
ദേശീയ തലത്തിൽ 85 ഗെയിംസ് ഇനങ്ങളിലാണ് മത്സരങ്ങൾ. സംസ്ഥാനത്തു സ്കൂൾ ഗെയിംസിൽ മത്സര ഇനങ്ങൾ തെരഞ്ഞെടുക്കുന്നതിനു മാനദണ്ഡമായി തീരുമാനിക്കുന്നത് സംസ്ഥാന സ്പോർട്സ് കൗണ്‍സിലിന്റെ അംഗീകാരം ആണ്. സ്പോർട്സ് കൗണ്‍സിലിൽ അംഗീകാരമുള്ള മത്സര ഇനങ്ങൾ സ്കൂൾ കായികമേളയിലും നടത്താമെന്ന വ്യവസ്ഥയാണ് മാനുവൽ പരിഷ്ക്കരണ കമ്മിറ്റി മുന്നോട്ടുവച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇക്കുറി സ്പോർട്സ് കൗണ്‍സിൽ നിർദേശിച്ച 18 മത്സര ഇനങ്ങൾ കൂടി സ്കൂൾ ഗെയിംസിൽ ഉൾപ്പെടുത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നു. എന്നാൽ പ്രളയത്തെ തുടർന്ന് സംസ്ഥാനത്ത് മുൻ വർഷം നടത്തിയിരുന്ന ഗെയിംസ് ഇനങ്ങൾ തന്നെ നടത്തുന്നത് ഏറെ ശ്രമകരമായിരിക്കുമെന്നു മാനുവൽ പരിഷ്ക്കരണ കമ്മിറ്റിയിൽ അഭിപ്രായമുയർന്നിരുന്നു. പുതിയ ഇനങ്ങൾ കൂടി ഉൾപ്പെടുത്തുന്പോൾ ഇതിന്റെ നടത്തിപ്പിനായി വൻ പണവും കണ്ടെത്തേണ്ടിവരും.
കൂടാതെ ദേശീയ മത്സരങ്ങൾക്കായി ഈ ടീമുകളെ പങ്കെടുപ്പിക്കാനായുള്ള പ്രവർത്തനം ഏറെ ശ്രമകരവുമാകും. പുതുതായി ഉൾപ്പെടുത്തുന്ന മത്സര ഇനങ്ങൾ നടത്തുന്നതിനായി ഒഫീഷലുകൾ ഉൾപ്പെടെയുള്ളവരെ കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടുമാണ്. ഇത്തരം സാഹചര്യങ്ങൾ പരിശോധിച്ചാണ് കമ്മിറ്റി ഇത്തവണ പുതുതായി ഉൾപ്പെടുത്തിയ മത്സര ഇനങ്ങളിൽ മത്സരങ്ങൾ വേണ്ടെന്നു തീരുമാനിച്ചത്. പുതുതായി ഉൾപ്പെടുത്തിയ മത്സര ഇനങ്ങൾ അടുത്തവർഷം മുതൽ സ്കൂൾ ഗെയിംസിൽ ഉൾപ്പെടുത്തും. ഈ മത്സര ഇനങ്ങളിൽ രണ്ടെണ്ണത്തിൽ ചില കാറ്റഗറിയിൽ കോടതിവിധിയുടെ അടിസ്ഥാനത്തിൽ മത്സരങ്ങൾ ഇക്കുറി നടത്തണം.
തോമസ് വർഗീസ്
സംസ്ഥാന സ്കൂൾ കായികമേള: ഇത്തവണ പുതിയ ഗെയിംസ് ഇനങ്ങൾ ഉണ്ടാകില്ല
10:47 PM Sep 17, 2018 | Deepika.com