ബെർലിൻ: കെനിയയുടെ എല്യൂദ് കിപ്ചോഗെയ്ക്ക് പുരുഷ മാരത്തണിൽ ലോക റിക്കാർഡ്. രണ്ട് മണിക്കൂർ, ഒരു മിനിറ്റ് 39 സെക്കൻഡിലാണ് കിപ്ചോഗെ ബെർലിൻ മാരത്തണിൽ ലോക റിക്കാർഡ് കുറിച്ച് സ്വർണം കരസ്ഥമാക്കിയത്. 2014ൽ കെനിയയുടെ ഡെന്നിസ് കിമെട്ടൊ സ്ഥാപിച്ച 2:02:57 സെക്കൻഡ് എന്ന റിക്കാർഡ് ഇതോടെ പഴങ്കഥയായി. കിമെട്ടൊയുടെ സമയത്തേക്കാൾ ഒരു മിനിറ്റ് കുറച്ച് എടുത്താണ് കിപ്ചോഗെ മത്സരം പൂർത്തിയാക്കിയത്. ഏപ്രിലിൽ നടന്ന ലണ്ടൻ മാരത്തണിലും കിപ്ചോഗെയ്ക്കായിരുന്നു സ്വർണം.
എക്കാലത്തെയും ഏറ്റവും മികച്ച മാരത്തണ്‍ ഓട്ടക്കാരനെന്നാണ് കിപ്ചോഗെയെ വിശേഷിപ്പിക്കുന്നത്. രണ്ട് മണിക്കൂറിൽ താഴെ മാരത്തണ്‍ പൂർത്തിയാക്കുന്ന ലോകത്തിലെ ആദ്യ താരമെന്ന നേട്ടം 26 സെക്കൻഡിലാണ് കെനിയൻ താരത്തിനു നഷ്ടപ്പെട്ടത്. അന്ന് 2:00:25 സെക്കൻഡിൽ ഓടിയെത്തിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ അത് റിക്കാർഡ് ആയി കണക്കാക്കിയിരുന്നില്ല. 2016 റിയൊ ഒളിന്പിക്സ് സ്വർണ ജേതാവുമാണ്.
കിപ്ചോഗെയ്ക്ക് ലോക റിക്കാർഡ്
12:01 AM Sep 17, 2018 | Deepika.com