ദുബായ്: ഇംഗ്ലണ്ടിനെതിരേയുള്ള ടെസ്റ്റ് ക്രിക്കറ്റ് പരമ്പര 4-1ന് നഷ്ടമായെങ്കിലും ഐസിസി റാങ്കിംഗില്‍ ഇന്ത്യ തന്നെ ഒന്നാം സ്ഥാനത്ത് തുടരുന്നു. പരമ്പര ജയിച്ച ഇംഗ്ലണ്ട് നാലാം സ്ഥാനത്തെത്തി. പരമ്പരയ്ക്കു മുമ്പ് ഇന്ത്യക്ക് 125 പോയിന്റായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ പരമ്പര പൂര്‍ത്തിയായപ്പോള്‍ അത് 115 പോയിന്റായി കുറഞ്ഞു.
പരമ്പരയ്ക്കു മുമ്പ് 97 പോയിന്റുമായി ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്തായിരുന്നു. പക്ഷേ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയെ പരമ്പരയില്‍ കീഴടക്കിയതോടെ എട്ട് പോയിന്റ് കൂടുതല്‍ ലഭിച്ച ഇംഗ്ലണ്ട് 105 പോയിന്റിലെത്തി. ദക്ഷിണാഫ്രിക്കയ്ക്കും ഓസ്ട്രേലിയയ്ക്കും 106 പോയിന്റ് വീതമാണ്. ദശാംശത്തിന്റെ വ്യത്യാസത്തിലാണ് ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. 102 പോയിന്റുള്ള ന്യൂസിലന്‍ഡാണ് അഞ്ചാമത്.
ഇന്ത്യ ഒന്നാമത്; ഇംഗ്ലണ്ട് നാലാം സ്ഥാനത്ത്
12:26 AM Sep 13, 2018 | Deepika.com