നോട്ടിംങാം: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ കളംനിറഞ്ഞ് ഇന്ത്യ. മൂന്നാം വിക്കറ്റിൽ ക്യാപ്റ്റൻ വിരാട് കോഹ്ലിയും ചേതേശ്വർ പൂജാരയും നേടിയ 113 റണ്‍സ് കൂട്ടുകെട്ടിന്റെ പിൻബലത്തിൽ ഇന്ത്യക്ക് കൂറ്റൻ ലീഡ്. ഏഴ് വിക്കറ്റ് നഷ്ടത്തിൽ 352 എന്ന നിലയിൽ ഇന്ത്യ രണ്ടാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. 52 റൺസുമായി ഹാർദിക് പാണ്ഡ്യ പുറത്താകാതെനിന്നു. 520 റൺസ് ലീഡാണ് ഇന്ത്യക്കുള്ളത്. ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 521 റൺസ് ആണ്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി (103 റൺസ്) സെഞ്ചുറി നേടി. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 161ൽ അവസാനിച്ചിരുന്നു. ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 329 റണ്‍സ് എടുത്തു.
രണ്ടാം ഇന്നിംഗ്സിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 124 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ ഇന്നലെ മൂന്നാം ദിവസം ആരംഭിക്കാൻ ക്രീസിലെത്തിയത്. 33 റണ്‍സുമായി പൂജാരയും എട്ട് റണ്‍സുമായി കോഹ്ലിയുമായിരുന്നു ക്രീസിൽ. ഇരുവരും ക്രീസിൽ നങ്കൂരമിട്ടതോടെ ഇംഗ്ലീഷ് ബൗളിംഗ് ആക്രമണം പരന്പരയിൽ ആദ്യമായി നിരായുധരാക്കപ്പെട്ടു. ബൗളർമാരെ മാറിമാറി പരീക്ഷിച്ചിട്ടും ഈ കൂട്ടുകെട്ട് പൊളിക്കാൻ ഇംഗ്ലീഷ് ക്യാപ്റ്റൻ ജോ റൂട്ടിനു സാധിച്ചില്ല. ഒടുവിൽ റൂട്ട് തന്നെ ബൗളിംഗിന് എത്തിയെങ്കിലും ഫലമുണ്ടായില്ല. ഡിഫൻസിന്റെ വൻമതിൽ സൃഷ്ടിച്ച പൂജാര നേരിട്ട 147-ാം പന്തിൽ 50 റണ്‍സ് തികച്ചു. കോഹ്ലി പക്ഷേ, അല്പം വേഗത്തിലായിരുന്നു സ്കോറിംഗ്. നേരിട്ട 82-ാം പന്തിൽ ഇന്ത്യൻ ക്യാപ്റ്റൻ അർധശതകം പിന്നിട്ടു. സ്കോർ 224ൽ എത്തിയപ്പോൾ പൂജാരയെ (72 റണ്‍സ്) സ്റ്റോക്സ് കുക്കിന്റെ കൈകളിലെത്തിച്ചു. കോഹ്ലിക്ക് കൂട്ടായി അജിങ്ക്യ രഹാനെ എത്തി. നേരിട്ട 191-ാം പന്തിൽ കോഹ്ലി സെഞ്ചുറി പൂർത്തിയാക്കി. ഇന്ത്യൻ ക്യാപ്റ്റന്റെ 23-ാം ടെസ്റ്റ് സെഞ്ചുറിയാണിത്.
ആദ്യ ഇന്നിംഗ്സിൽ 97നു പുറത്തായ കോഹ്ലി സെഞ്ചുറി പൂർത്തിയാക്കാതെ ഒരുപക്ഷേ മടങ്ങുമായിരുന്നു. 93ൽ നിൽക്കുന്പോൾ ആൻഡേഴ്സന്റെ പന്തിൽ ജെന്നിംഗ്സ് കോഹ്ലിയെ വിട്ടുകളഞ്ഞിരുന്നു.
കപിൽ ആകാൻ താത്പര്യമില്ല: പാണ്ഡ്യ
നോട്ടിങാം: ഇന്ത്യൻ മുൻ താരം കപിൽ ദേവ് ആകാൻ താത്പര്യമില്ലെന്ന് ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ. ഹാർദിക്കിന്റെ കന്നി അഞ്ച് വിക്കറ്റ് പ്രകടനമാണ് കഴിഞ്ഞ ദിവസം നോട്ടിങാമിൽ പിറന്നത്.
പാണ്ഡ്യയുടെ പ്രകടനം കപിൽ ദേവിന്റെ അടുത്തെങ്ങുമെത്തുന്നില്ലെന്ന് മൈക്കിൾ ഹോൾഡിംഗ് അഭിപ്രായപ്പെട്ടിരുന്നു. അതിനുള്ള മറുപടിയായാണ് തനിക്ക് കപിൽ ആകണ്ടെന്നും ഹാർദിക് പാണ്ഡ്യ ആയാൽ മതിയെന്നും ഇന്ത്യൻ താരം പറഞ്ഞത്.
ആറ് ഓവറിൽ 28 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ പാണ്ഡ്യയുടെ മികവിൽ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 161ൽ ഇന്ത്യ അവസാനിപ്പിച്ചിരുന്നു.
കളം നിറഞ്ഞ് കോഹ്ലി, ഇന്ത്യ
12:59 AM Aug 21, 2018 | Deepika.com