ലണ്ടന്‍: ഇന്ത്യക്കാര്‍ ബാറ്റിംഗ് മറന്ന ലോഡ്സില്‍ ഇംഗ്ലീഷ് ബാറ്റ്സ്മാന്മാര് വാഴുന്നു. ബെന്‍ സ്റ്റോക്സിനു പകരം ടീമിലെത്തിയ ക്രിസ് വോക്സിന്റെ സെഞ്ചുറി കരുത്തില്‍ ഇംഗ്ലണ്ട് ആറു വിക്കറ്റിന് 357 റണ്‍സ് എടുത്തു. ഇതോടെ ഇംഗ്ലണ്ടിന് 250 റണ്‍സിന്റെ തകര്‍പ്പന്‍ ലീഡായി.ജോണി ബെയര്‍സ്റ്റോ സെഞ്ചുറിക്ക് ഏഴു റണ്‍സ് അകലെ പുറത്തായി.
ക്രിസ് വോക്സും (120) സാം കരനും(22) ആണ് ക്രീസിൽ. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 107 റണ്‍സില്‍ അവസാനിച്ചിരുന്നു. രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ദിനം മഴ മൂലം പൂര്‍ണമായും നഷ്ടമായിരുന്നു. രണ്ടാം ദിനം ഇംഗ്ലീഷ് പേസര്‍മാര്‍ക്കു മുന്നില്‍ തകര്‍ന്ന ഇന്ത്യ ബാറ്റിംഗില്‍ നിരാശപ്പെടുത്തി. രവിചന്ദ്രന്‍ അശ്വിനായിരുന്നു (29) ഇന്ത്യയുടെ ടോപ് സ്കോറര്‍. ജയിംസ് ആന്ഡേഴ്സണ് അഞ്ചും ക്രിസ് വോക്സ് രണ്ടും സ്റ്റുവര്‍ട്ട് ബ്രോഡും സാം കരനും ഓരോ വിക്കറ്റും വീഴ്ത്തി.
ഇന്ത്യയുടെ ചെറിയ ഒന്നാം ഇന്നിംഗ്സ് സ്കോറിനെതിരേ മൂന്നാം ദിനം ഇംഗ്ലണ്ട് ആത്മവിശ്വാസത്തോടെ ഇറങ്ങി. എന്നാല്‍ ഇംഗ്ലീഷ് സ്കോര്‍ബോര്‍ഡില്‍ 32 റണ്‍സ് എത്തിയപ്പോള്‍ ഓപ്പണര്‍മാരെ നഷ്ടമായി. അലിസ്റ്റര്‍ കുക്കിനെ (21) ഇഷാന്ത് ശര്‍മയും കീറ്റണ്‍ ജെന്നിംഗ്സിനെ (11) മുഹമ്മദ് ഷാമി എല്‍ബിഡബ്ല്യുവാക്കി. അരങ്ങേറ്റ ടെസ്റ്റില്‍ ഒലെ പോപ് നിരാശപ്പെടുത്തിയില്ല നായകന് ജോ റൂട്ടുമായി 45 റണ്‍സിന്റെ കൂട്ടുകെട്ട് സ്ഥാപിച്ചു. പോപ്പിനെ (28) ഹര്‍ദിക് പാണ്ഡ്യയും റൂട്ടിനെ (19) ഷാമിയും പുറത്താക്കി. നാലു വിക്കറ്റിന് 89 എന്ന നിലയില്‍ ഇംഗ്ലണ്ട് തകര്‍ന്നു. പിന്നീടൊരുമിച്ച ബെയര്‍സ്റ്റോയും ജോസ് ബട്ലറും ഇംഗ്ലണ്ടിനെ തകര്‍ച്ചയില്‍നിന്നു കരകയറ്റി. 42 റണ്‍സാണ് ഈ കൂട്ടുകെട്ട് നേടിയത്. ബട്ലറെ (24) ഷാമി വിക്കറ്റിനു മുന്നില്‍ കുരുക്കി. ഇംഗ്ലണ്ടിന്റെ സ്കോര്‍ അപ്പോള്‍ അഞ്ചിന് 131 എന്ന നിലയിലായിരുന്നു. ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിമുറുക്കും എന്നു തോന്നിച്ച അവസരത്തില്‍ വോക്സ് ഉണര്‍ന്നു കളിച്ചു.
വോക്സും ബെയര്‍സ്റ്റോയും ചേര്‍ന്ന് ഇന്ത്യന്‍ പന്തേറുകാര്ക്കെതിരേ ആക്രമണം നടത്തിയതോടെ റണ്‍സ് ഒഴുകിയെത്തി.
ഈ കൂട്ടുകെട്ട് 189 റണ്‍സിന്റെ സഖ്യമാണ് ഉണ്ടാക്കിയത്. 93 റണ്‍സ് എടുത്ത ബെയര്‍സ്റ്റോയെ പാണ്ഡ്യ വിക്കറ്റ്കീപ്പറുടെ കൈകളിലെത്തിച്ചു. ഇതിനിടെ വോക്സ് സെഞ്ചുറി കടന്നിരുന്നു. പിന്നീടെത്തിയ സാം കരനും പിടിച്ചുനിന്നതോടെ മൂന്നാം ദിവസം ഇംഗ്ലണ്ടിന് നന്നായി തീര്‍ക്കാനായി. ഇന്ത്യയുടെ എക്സ്ട്രാ സ്പിന്നർ കുൽദീപ് യാദവിന് ഒന്നും ചെയ്യാനായില്ല. വെറും ഒന്‍പത് ഓവർ മാത്രമാണെറിഞ്ഞത്.
സ്കോര്‍ബോര്‍ഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 107
ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സ്
കുക്ക് സി കാര്‍ത്തിക് ബി ശര്‍മ 21, ജെന്നിംഗ്സ് എല്‍ബിഡബ്ല്യു ബി ഷാമി 11, റൂട്ട് എല്‍ബിഡബ്ല്യു ബി ഷാമി 19, പോപ് എല്‍ബിഡബ്ല്യു ബി പാണ്ഡ്യ 28, ബെയര്‍സ്റ്റോ സി കാര്‍ത്തിക് ബി പാണ്ഡ്യ 93, ബട്ലര് എല്‍ബിഡബ്ല്യു ബി ഷാമി 24, വോക്സ് നോട്ടൗട്ട് 120, കരന് നോട്ടൗട്ട് 22 ആകെ 81 ഓവറില്‍ ആറു വിക്കറ്റിന് 357.
ബൗളിംഗ്
ഇഷാന്ത് ശര്‍മ 19-3-88-1, ഷാമി 19-4-74-3, കുല്‍ദീപ് യാദവ് 9-1-44-0, പാണ്ഡ്യ 17-0-66-2, അശ്വിന് 17-1-68-0
ഇംഗ്ലണ്ട് വൻ ലീഡിലേക്ക്
01:06 AM Aug 12, 2018 | Deepika.com