ലണ്ടന്‍: ലോഡ്സില്‍ മഴ കളിക്കുന്നു. ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ദിനം കനത്ത മഴ മൂലം ഉപേക്ഷിച്ചു. ഒരു പന്തുപോലും എറിയാനാകാതെയാണ് ആദ്യ ദിനം ഉപേക്ഷിച്ചത്. ടോസ് ഇടാന്‍ പോലും ഇറങ്ങാനായില്ല.
ആദ്യ ടെസ്റ്റ് തോറ്റ ഇന്ത്യ ജയത്തോടെ പരമ്പരയില്‍ തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ് ലോഡ്സ് ടെസ്റ്റിനെ കണ്ടത്. എന്നാല്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്കു തിരിച്ചടിയായിക്കൊണ്ട് ആദ്യ ദിനം പൂര്‍ണമായും നഷ്ടമായി. ഗ്രൗണ്ട് സ്റ്റാഫുകള്‍ കളത്തിലെ വെള്ളം വറ്റിക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ മഴ ശക്തമായി തുടര്‍ന്നതോടെ ഈ പരിപാടി വിജയിച്ചില്ല.
ഉച്ചഭക്ഷണം നേരത്തെ തീര്‍ത്ത് കളത്തിലിറങ്ങാന്‍ ഓഫീഷ്യല്‍സ് നിര്‍ദേശിച്ചിരുന്നു. ഇതിനുശേഷവും മഴയില്‍ കുറവു കണ്ടില്ല. മഴ വൈകുന്നേരം വരെ തുടര്‍ന്നു. സാധാരണയുള്ള ചായയ്ക്കു പിരിയാറുള്ള സമയത്തിനു 45 മിനിറ്റിനുശേഷം അമ്പയര്‍മാര്‍ കളത്തില്‍ രണ്ടു തവണ പരിശോധന നടത്തിയെങ്കിലും കളിക്കാനാവാത്ത സാഹചര്യമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
നഷ്ടപ്പെട്ട ആദ്യ ദിനത്തിനു പകരമായി അടുത്ത നാലു ദിവസവും 96 ഓവര്‍ വീതമായി കളിക്കും.
മഴ കളിച്ചു, ആദ്യദിനം ഉപേക്ഷിച്ചു
12:48 AM Aug 10, 2018 | Deepika.com