ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ക്ലബ് ആഴ്സണലിനെ പൂര്‍ണമായും ക്ലബ്ബിന്റെ പ്രധാന ഓഹരി ഉടമ സ്റ്റാന്‍ കെറോങ്കേ വാങ്ങി. ക്ലബ്ബിന്റെ 67 ശതമാനം ഓഹരിയും ഈ അമേരിക്കന്‍ ശതകോടീശ്വരന്റെ കെറോങ്കേ സ്പോര്‍ട്സ് ആന്‍ഡ് എന്റര്ടെയ്ന്മെന്റ് (കെഎസ്ഇ) കമ്പനിക്കാണ്. 30 ശതമാനം ഓഹരി റഷ്യക്കാരന് അലിഷര്‍ ഉസ്മാനോവിനാണ്.
ക്ലബ്ബിന്റെ ഉടമസ്ഥതയ്ക്കായി കെറോങ്കേയും ഉസ്മാനോവും തമ്മിലുള്ള പോരാട്ടത്തിനാണ് ഇതോടെ അവസാനമായത്. ഈ ഓഹരിയും കെറോങ്കേ വാങ്ങും. ഏകദേശം 16,000 കോടി രൂപയാണ് ക്ലബ്ബിന്റെ മൂല്യം. ക്ലബ്ബിന്റെ നിയന്ത്രണം പൂര്‍ണമായിട്ടും തങ്ങളുടെ കൈകളിലാകാന് വേണ്ടിയാണ് കെറോങ്കേയും ഉസ്മാനോവും പോരാട്ടം നടത്തിയത്. ഇതിലൂടെ മറ്റ് സ്വതന്ത്ര ഓഹരി ഉടമകളെ പുറത്താക്കാനും ഇവര്‍ ലക്ഷ്യമിട്ടിരുന്നു.
ആഴ്ണലിന്റെ ഉടമയായി മാറിയ കെറോങ്കേ യുഎസ് ഡെന്‍വര്‍ നഗറ്റ്സ് ബാസ്കറ്റ്ബോള്‍ ടീം, ലോസ് ആഞ്ചലസ് റാംസ അമേരിക്കന്‍ ഫുട്ബോള്‍ ടീം എന്നിവയുടെയും ഉടമയാണ്. 2007 മുതലാണ് കെറോങ്കേ ആഴ്സണലിന്റെ നിയന്ത്രണം പിടിച്ചെടുക്കാന്‍ തുടങ്ങിയത്. ഇതിലേക്കുള്ള യാത്രയില്‍ തലമുറകളായി 132 വര്‍ഷം പഴക്കമുള്ള ക്ലബ്ബിന്റെ ഉടമസ്ഥരായിരുന്ന കുടുംബങ്ങളുടെ ഓഹരി വാങ്ങിച്ചുകൂട്ടി.
ആഴ്സണലിനെ കെറോങ്കേ സ്വന്തമാക്കിയതോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ വിദേശ ഉടമസ്ഥരില്‍ നാലാമനായി. റോമന്‍ അബ്രാഹിമോവിച്ച് ചെല്‍സിയുടെയും അമേരിക്കയിലെ ഗ്ലാസര്‍ കുടുംബം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും യുഎഇ രാജകുമാരന് ഷെയ്ഖ മന്‍സൂര്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെയും ഉടമകളാണ്.
ആരാധകര്‍ക്ക് നിരാശ
അമേരിക്കന്‍ ശതകോടീശ്വരന്‍ ക്ലബ് പൂര്‍ണമായും വാങ്ങിയതില്‍ ആഴ്സണല്‍ സപ്പോര്‍ട്ടേഴ്സ് ട്രസ്റ്റും (എഎസ്ടി) സ്വതന്ത്ര ഓഹരി ഉടമയും ക്ലബ്ബിന്റെ ആരാധകനുമായ ഡേവിഡ് കെര്ഷോയും കുറ്റപ്പെടുത്തി. ആഴ്സണല്‍ ഫുട്ബോള്‍ ക്ലബ്ബിന്റെ ദുഃഖ ദിനമാണിതെന്നും എഎസ്ടി പറഞ്ഞു. ഇതു ക്ലബ്ബിനെ നഷ്ടത്തിലാക്കുകയേ ചെയ്യുകയുള്ളുവെന്ന് അവര്‍ പറഞ്ഞു. ക്ലബ്ബിന്റെ പ്രവര്‍ത്തനത്തിലുള്ള സുതാര്യത നഷ്ടപ്പെടുമെന്നു കെര്‍ഷോ പറഞ്ഞു. ക്ലബ്ബിലുള്ള തങ്ങളുടെ സ്വാധീനം നഷ്ടമാക്കുമെന്ന് എഎസ്ടിയും രേഖപ്പെടുത്തി.
വൂള്വിച്ചിലുണ്ടായിരുന്ന റോയല്‍ ആഴ്സണല്‍ ഫാക്ടറിയിലെ ജോലിക്കാര്‍ 1886ലാണ്് ആഴ്സണല്‍ ഫുട്ബോള്‍ ക്ലബ് സ്ഥാപിച്ചത്. ഫുട്ബോളില്‍ 132 വര്‍ഷത്തെ ചരിത്രമുള്ള ക്ലബ് 13 തവണ ലീഗ് ചാമ്പ്യന്മാരായി ഇത്രതന്നെ എഫ്എ കപ്പും നേടി.
കഴിഞ്ഞ കുറെ സീസണുകളായി ആഴ്സണല്‍ മികച്ച ഫോമിലല്ല. 22 വര്‍ഷം ക്ലബ്ബിന്റെ പരിശീലകനായിരുന്ന ആഴ്സീന്‍ വെംഗര്‍ ഏപ്രിലില്‍ ക്ലബ് വിട്ടു. പുതിയതായി ഉനെയ് എമെറെയാണ് പരിശീലകനായെത്തിയിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ ആറാം സ്ഥാനത്തായിട്ടാണ് അവസാനിപ്പിച്ചത്. നിലവിലെ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരേയുള്ള മത്സരത്തോടെയാണ് ആഴ്സണലിന്റെ പ്രീമിയര്‍ ലീഗ് പോരാട്ടത്തിനു തുടക്കമാകുന്നത്.
അതേ സമയം സ്ഥിരതയുള്ള പ്രകടനത്തോടെ ക്ലബ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍സ് ലീഗ് ട്രോഫികള്‍ നേടുന്നതും ഇതോടൊപ്പം വനിതകളുടെയും യൂത്ത് ലെവല്‍ ടീമുകളും പ്രധാന ട്രോഫികള്‍ നേടുന്നതുമാണ് കെഎസ്ഇ ആഗ്രഹിക്കുന്നതെന്ന അവരുടെ ഒരു പ്രസ്താവനയില്‍ കുറിച്ചു.
സ്റ്റാന്‍ കെറോങ്കേ ആഴ്സണല്‍ സ്വന്തമാക്കി
12:23 AM Aug 08, 2018 | Deepika.com