കളമശേരി: രാജഗിരി പബ്ലിക് സ്കൂൾ സംഘ ടിപ്പിച്ച അഖില കേരള മിനി മാരത്തൺ (10 കിലോമീറ്റർ) മത്സരത്തിൽ കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.വി. അമിത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം പാലക്കാട് പറളി ഹയർ സെക്കൻഡറി സ്കൂളിലെ എ. അനിലും മൂന്നാം സ്ഥാനം തിരുവനന്തപുരം സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ(സായി) സ്കൂളിലെ സൽമാൻ ഫറൂഖും കരസ്ഥമാക്കി.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 170 ൽ പരം ആൺകുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.
റിയർ അഡ്മിറൽ ആർ.ജെ. നഡ്കർണി മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു.ജില്ലാ കളക്ടർ മുഹമ്മദ് സഫിറുള്ള സമാധാന പ്രതിജ്ഞയും കൊച്ചിൻ കാൻസർ സെന്റർ ഡയറക്ടർ ഡോ. മോനി ഏബ്രഹാം കുര്യാക്കോസ് ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു.
എസ് എച്ച് പ്രൊവിൻഷ്യൽ മാനേജർ ഫാ. ജോസ് കുരിയേടത് അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ രാജഗിരി പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. വർഗീസ് കാച്ചപ്പിള്ളി, പിടിഎ പ്രസിഡന്റ് സാം തോമസ് ,രാജഗിരി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാ. മാർട്ടിൻ മുണ്ടാടൻ തുടങ്ങിയവർ പങ്കെടുത്തു.
കുട്ടികളും രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്ത ഒരു കിലോമീറ്റർ ‘ഫൺ റൺ’ഫുട്ബോൾ താരം ഐ.എം. വിജയൻ ഫ്ലാഗ് ഓഫ് ചെയ്തു. വിജയികൾക്ക് സിറ്റി പോലീസ് കമ്മീഷണർ എം.പി. ദിനേശ് സമ്മാനദാനം നടത്തി. സ്കൂളിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഹിരോഷിമ ദിനം പ്രമാണിച്ചാണ് മാരത്തോൺ സംഘടിപ്പിച്ചത്.
രാജഗിരി മിനി മാരത്തൺ: അമിത്തിന് ഒന്നാം സ്ഥാനം
08:41 PM Aug 06, 2018 | Deepika.com