ദുബായ്: ഐസിസി ടെസ്റ്റ് ക്രിക്കറ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിംഗിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ഒന്നാമത്. ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്തിന്റെ പിന്തള്ളിയാണ് കോഹ്ലി ഒന്നാം സ്ഥാനത്തെത്തിയത്. ഇംഗ്ലണ്ടിനെതിരേയുള്ള എഗ്ബാസ്റ്റണ്‍ ടെസ്റ്റിൽ നേടിയ 200 റണ്‍സ് ആണ് ഇന്ത്യൻ നായകനെ ഒന്നിലെത്തിച്ചത്. ആദ്യ രണ്ടു സ്ഥാനങ്ങളിൽ മാറ്റമുണ്ടായതൊഴിച്ചാൽ ആദ്യ പത്തിൽ മറ്റ് മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ല.
2011ൽ സച്ചിൻ തെണ്ടുൽക്കറിനുശേഷം ടെസ്റ്റ് റാങ്കിംഗിൽ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് കോഹ്ലി. ബിർമിങാമിൽ ഒന്നാം ഇന്നിംഗ്സിൽ 149ഉം രണ്ടാം ഇന്നിംഗ്സിൽ 51ഉം റണ്‍സ് വീതമാണ് ഇന്ത്യൻ നായകൻ നേടിയത്. ഈ പ്രകടനം കോഹ്ലിയെ 934 പോയിന്റിലെത്തിച്ചു. സ്മിത്തിന് 929 പോയിന്റാണുള്ളത്. മുൻ ഓസ്ട്രേലിയൻ നായകൻ സ്മിത്ത് ഇപ്പോൾ വിലക്ക് നേരിട്ടുകൊണ്ടിരിക്കുകയാണ്.
934 പോയിന്റുമായി കോഹ്ലി ഒരു ഇന്ത്യക്കാരന്റെ ഏറ്റവും ഉയർന്ന പോയിന്റിലാണ് എത്തിയിരിക്കുന്നത്. ഏറ്റവും കൂടുതൽ പോയിന്റുള്ളവരുടെ പട്ടികയിൽ 14-ാം സ്ഥാനത്താണിപ്പോൾ ഇന്ത്യൻ നായകൻ. ഇതിൽ സുനിൽ ഗാവസ്കറെ (916 പോയിന്റ്) ആണ് കോഹ്ലി മറികടന്നത്. ആകെ ഏറ്റവും കൂടുതൽ പോയിന്റ് നേടിയവരുടെ പട്ടികയിൽ ഡൊണാൾഡ് ബ്രാഡ്മാൻ (961 പോയിന്റ്), സ്റ്റീവ് സ്മിത്ത് (947) എന്നിവരാണ് ആദ്യ സ്ഥാനങ്ങളിൽ. സച്ചിൻ തെണ്ടുൽക്കർ, കോഹ്ലി എന്നിവരെ കൂടാതെ ഗാവസ്കർ, ദിലീപ് വെംഗ്സാർക്കർ, രാഹുൽ ദ്രാവിഡ്, വീരേന്ദർ സെവാഗ്, ഗൗതം ഗംഭീർ എന്നിവരും ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്.
ഒന്നാമൻ കോഹ്ലി
12:22 AM Aug 06, 2018 | Deepika.com