സെന്റ് പീറ്റേഴ്സ്ബർഗ്: സ്വിറ്റ്സർലൻഡിനെതിരായ സമനിലയ്ക്കുശേഷം ജയം നേടി പ്രീക്വാർട്ടർ പ്രതീക്ഷ നിലനിർത്താൻ മുൻ ചാന്പ്യന്മാരായ ബ്രസീൽ ഇന്ന് കോസ്റ്റാറിക്കയെ നേരിടും. ജയത്തോടെ ഗ്രൂപ്പ് ഇയിലെ അവസാന മത്സരം ഉണ്ടാക്കുന്ന സമ്മർദം ഒഴിവാക്കാനാണ് ടിറ്റെയുടെ സംഘത്തിന്റെ ലക്ഷ്യം. കഴിഞ്ഞ മത്സരത്തിൽ ബ്രസീലിനു താളം കണ്ടെത്താനായി. ഗോൾ നേടാൻ നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഫിനിഷിംഗ് പോരായ്മയാണ് ബ്രസീലിനെ സമനിലയിലൊതുക്കിയത്.
ഇന്നത്തെ മത്സരത്തിൽ സൂപ്പർ താരം നെയ്മർ ഇറങ്ങുമെന്ന് പരിശീലകൻ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ നെയ്മർ മാരകമായി ഫൗളിംഗിന് ഇരയായിരുന്നു. ഇതിന്റെ ഫലമായി കാൽക്കുഴയ്ക്കു പരിക്കേറ്റിരുന്നു. ബുധനാഴ്ച ടീമിനൊപ്പമുള്ള പരിശീലനം പൂർത്തിയാക്കാൻ നെയ്മറിനായിരുന്നില്ല. ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ സെർബിയ സ്വിറ്റ്സർലൻഡിനെ നേരിടും. ജയത്തോടെ പ്രീക്വാർട്ടർ ഉറപ്പാക്കാൻ സെർബിയയും ഇറങ്ങുന്നു. അതേസമയം, ബ്രസീലിനെ സമനിലയിൽ കുരുക്കിയതിന്റെ ആത്മവിശ്വാസം സ്വിറ്റ്സർലൻഡിനുണ്ട്.
ഗ്രൂപ്പ് ഡിയിൽ കരുത്തരായ അർജന്റീനയെ സമനിലയിൽ തളച്ച ഐസ്ലൻഡ് രണ്ടാം മത്സരത്തിന് ഇന്നിറങ്ങും. നൈജീരിയയാണ് എതിരാളികൾ. നൈജീരിയ ആദ്യ മത്സരത്തിൽ ക്രൊയേഷ്യയോട് തോറ്റിരുന്നു.
ബ്രസീൽ x കോസ്റ്റാറിക്ക
01:18 AM Jun 22, 2018 | Deepika.com