ബംഗളൂരു: ഗുരുത്വാകർഷണത്തെ മറികടക്കുന്ന അദ്ഭുത നായകനാണ് ഇംഗ്ലീഷ് സിനിമയിലെ സ്പൈഡർമാൻ. ഐപിഎല്ലിൽ ഹൈദരാബാദ് സണ്‍റൈസേഴ്സിനെതിരേ ബംഗളൂരു റോയൽ ചലഞ്ചേഴ്സിന്റെ എബി ഡിവില്യേഴ്സ് എടുത്ത ക്യാച്ച് സ്പൈഡർമാൻ മോഡൽ ആയിരുന്നു. അതോടെ സാക്ഷാൽ വിരാട് കോഹ്ലിപോലും ഡിവില്യേഴ്സിനെ സ്പൈഡർമാൻ എന്നു വിശേഷിപ്പിച്ചു.
മത്സരത്തിൽ എട്ടാം ഓവറിന്റെ അവസാന പന്തിലാണ് ഡിവില്യേഴ്സിന്റെ അദ്ഭുത ക്യാച്ച് ലോകം കണ്ടത്. മൊയീൻ അലിയുടെ പന്തിൽ അലക്സ് ഹെയ്ൽസ് സിക്സറിനുശ്രമിച്ചു. ഡീപ് മിഡ് വിക്കറ്റിനു മുകളിലൂടെ പന്ത് സിക്സർ കടക്കുമായിരുന്നു, അവിടെ ഫീൽഡ് ചെയ്തത് ഡിവില്യേഴ്സ് അല്ലായിരുന്നെങ്കിൽ.
ഹെയ്ൽസിന്റെ ബാറ്റിൽനിന്ന് ബൗണ്ടറിലൈനിനു പുറത്തേക്ക് പോകുകയായിരുന്ന പന്ത് ഓടിയെത്തി ചാടിയുയർന്ന ഡിവില്യേഴ്സ് കൈപ്പിടിയിലൊതുക്കി. ഒരു മീറ്ററിലധികം ഉയരത്തിലായിരുന്നു ക്യാച്ചെടുക്കുന്പോൾ ദക്ഷിണാഫ്രിക്കൻ താരം. ബൗണ്ടറി ലൈനിനു സമാന്തരമായി ഓടിയെത്തി ചാടിയുയർന്ന് വലതു കൈ ലൈനിനും പുറത്തേക്ക് നീട്ടിയായിരുന്നു ഡിവില്യേഴ്സ് ക്യാച്ച് എടുത്തത്.
പന്തുമായി ഡിവില്യേഴ്സ് പറന്നിറങ്ങിയതുകണ്ട് ക്യാപ്റ്റൻ വിരാട് കോഹ്ലി അടക്കമുള്ള സഹതാരങ്ങൾ അദ്ഭുതത്തോടെ പാഞ്ഞടുത്തു. 24 പന്തിൽ 37 റണ്‍സ് എടുത്ത ഹെയ്ൽസിനുപോലും അദ്ഭുതമായിരുന്നു ആ ക്യാച്ച്. ബാറ്റിംഗിലും ശോഭിച്ചശേഷമായിരുന്നു ഡിവില്യേഴ്സിന്റെ സ്പൈഡർമാൻ ഷോ. 39 പന്തിൽ ഒരു സിക്സും 12 ഫോറും അടക്കം 69 റണ്‍സ് ബാറ്റ്കൊണ്ട് എബി നേടിയിരുന്നു.
റോയൽ ചലഞ്ചേഴ്സ് 14 റണ്‍സിനു ജയിച്ച മത്സരത്തിൽ ഡിവില്യേഴ്സ് ആയിരുന്നു മാൻ ഓഫ് ദ മാച്ച്.
സ്പൈഡർമാൻ ഡിവില്യേഴ്സ്
01:48 AM May 19, 2018 | Deepika.com