ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ വെസ്റ്റ്ഹാമിന്റെ പരിശീലകസ്ഥാനത്തുനിന്ന് ഡേവിഡ് മോയസ് ഇറങ്ങി. കരാർ കാലാവധി അവസാനിച്ചതിനെത്തുടർന്നാണ് എവർട്ടണ്, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവയുടെ മുൻ പരിശീലകനായ മോയസ് വെസ്റ്റ്ഹാം വിട്ടതെന്ന് ക്ലബ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.
അന്പത്തഞ്ചുകാരനായ മോയസ് നവംബറിലാണ് വെസ്റ്റ്ഹാമിൽ എത്തിയത്. വെസ്റ്റ്ഹാം അപ്പോൾ തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന ഘട്ടത്തിലായിരുന്നു. തുടർന്ന് ചെൽസിയെ ഉൾപ്പെടെ കീഴടക്കിയ വെസ്റ്റ്ഹാം 13-ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് അടുത്ത വർഷവും പ്രീമിയർ ലീഗിൽ സ്ഥാനം ഉറപ്പിച്ചു. ഞായറാഴ്ചയാണ് മോയസിന്റെ ആറു മാസത്തെ കരാർ അവസാനിച്ചത്.
പത്ത് ദിവസത്തിനുള്ളിൽ പുതിയ മാനേജരെ പ്രഖ്യാപിക്കുമെന്ന് വെസ്റ്റ്ഹാം അധികൃതർ അറിയിച്ചു.
ഡേവിഡ് മോയസ് വെസ്റ്റ് ഹാം വിട്ടു
01:30 AM May 17, 2018 | Deepika.com