മുംബൈ: അനുപമമായ ബാറ്റിംഗ് ശൈലികൊണ്ട് ലോകക്രിക്കറ്റില്‍ തന്റേതായ ഇടം കണ്ടെത്തിയ സച്ചിന് ക്രിക്കറ്റിലെ ഇതിഹാസമാണ്. ബാറ്റുകൊണ്ട് വിസ്മയം തീര്‍ത്ത സച്ചിന്റെ 45-ാം പിറന്നാൾ തകർത്താഘോഷിക്കുകയാണ് ആരാധകർ. സോഷ്യല്‍ മീഡിയകളില്‍ സച്ചിന് ആശംസാപ്രവാഹമാണ്. ഇന്ത്യന്‍ ക്രിക്കറ്റിനു മാത്രമല്ല ലോക ക്രിക്കറ്റിനു തന്നെ മറക്കാന്‍ കഴിയാത്ത ദിവസമെന്നാണ് ഈ ദിവസത്തെ ക്രിക്കറ്റ് ആരാധകർ വിശേഷിപ്പിച്ചിരിക്കുന്നത്. ക്രിക്കറ്റിലെ എല്ലാ പ്രധാനപ്പെട്ട റിക്കാർഡുകളും ഇന്നും ലോകം മാസ്റ്റര്‍ ബ്ലാസ്റ്ററെന്ന് വിശേഷിപ്പിച്ച സച്ചിന്റെ പേരിലാണ്.
പരിഹസിച്ച് ക്രിക്കറ്റ് ഒാസ്ട്രേലിയ
അതിനിടെ സച്ചിന്റെ ജന്മദിനത്തിൽ സച്ചിനെ പരിഹസിച്ച് ക്രിക്കറ്റ് ഒാസ്ട്രേലിയ രംഗത്തെത്തിയതും വിവാദമായി. മുന്‍ ഒാസ്ട്രേലിയൻ പേസർ ഡാമിയന്‍ ഫ് ളെമിംഗിന് പിറന്നാള്‍ ആശംസിച്ച് പോസ്റ്റ് ചെയ്ത ട്വീറ്റ് ആണ് ക്രിക്കറ്റ് ഒാസ്ട്രേലിയയെ കുരുക്കിലാക്കിയത്. ഫ്ലെമിംഗിന് ജന്മദിനാശംസ നേർന്നു കൊണ്ട് സച്ചിനെ ക്ലീന്‍ ബൗള്‍ഡ് ചെയ്യുന്ന വീഡിയോ ആണ് ക്രിക്കറ്റ് ഓസ്ട്രേലിയ ചേർത്തിരിക്കുന്നത്. 18 വര്‍ഷങ്ങള്‍ക്ക് മുമ്പ് 2000ല്‍ പെര്‍ത്തില്‍ നടന്ന കാള്‍ട്ടന്‍ ആന്‍ഡ് യുണൈറ്റഡ് സീരീസിലായിരുന്നു ഫ്ളെമിംഗ് സച്ചിനെ ബൗള്‍ഡാക്കിയത്. ഈ വീഡിയോ പങ്കുവച്ച ക്രിക്കറ്റ് ഒാസ്ട്രേലിയയ്ക്ക് ഫ്ളെമിംഗിനെ സച്ചിന് കൂറ്റൻ സിക്സർ പറത്തുന്ന വീഡിയോ ഇട്ടാണ് ആരാധകര്‍ മറുപടി നല്‍കിയത്.
സച്ചിന്റെ പിറന്നാള്‍ ദിവസം തന്നെ ജന്മദിനം ആഘോഷിക്കുന്ന ഫ്ളെമിംഗിന് മറ്റൊരു തരത്തില്‍ ആശംസ അറിയിക്കാമെന്നിരിക്കെ സച്ചിനെ അപമാനിക്കാനാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ശ്രമിച്ചതെന്നാണ് ആരാധകരുടെ പക്ഷം. എത്രവിലക്കുകൾ ലഭിച്ചാലും ഓസ്ട്രേലിയ മാറില്ലെന്ന് ഇന്ത്യന്‍ ആരാധകര്‍ തിരിച്ചടിച്ചു. സച്ചിനു പകരം മറ്റൊരു ബാറ്റസ്മാന് എന്തുകൊണ്ട് ഓസ്ട്രേലിയയുടെ മനസിലെത്തിയില്ലെന്ന് ആരാധകര്‍ ചോദിക്കുന്നുണ്ട്. “ഒന്നോർക്കണം, നിങ്ങൾ എത്രയൊക്കെ ക്രിക്കറ്റിൽ വളർന്നാലും സച്ചിനെന്ന ഒറ്റയാൾ പട്ടാളം ലോകത്തിനു മുന്നിൽ നിങ്ങൾ ഉയർത്തിക്കാട്ടുന്ന വിഖ്യാതരായ ബൗളര്‍മാരെ നിലംപരിശാക്കിയത് മറക്കരുത്” എന്നാണ് ഭൂരിഭാഗം കമന്റുകളും. ടെന്നീസ് താരം മരിയ ഷറപ്പോവ തനിക്ക് സച്ചിന് തെണ്ടുല്‍ക്കറിനെ അറിയില്ലെന്ന് പറഞ്ഞതിനു അവരുടെ പേജില്‍ പോയി പൊങ്കാലയിട്ട കാര്യവും ചിലർ ഓര്‍മിപ്പിക്കുന്നുണ്ട്.
വിരമിച്ചിട്ടും ആരാധകർ കൂടി
ഭാര്യ അഞ്ജലിയും സുഹൃത്തുക്കളും ചേര്‍ന്ന് സച്ചിൻ പിറന്നാള്‍ ആഘോഷിക്കുന്ന വീഡിയോയും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. 1989ല്‍ പതിനാറാം വയസില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയ സച്ചിന് 2013ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും വിരമിച്ചു. വിരമിച്ചതിനു ശേഷവും അദ്ദേഹത്തിന് ആരാധകരുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുകയാണ്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരമെന്ന റിക്കാര്‍ഡിന് സച്ചിൻ വിരമിച്ച് അഞ്ചു വർഷം പൂർത്തിയായിട്ടും പുതിയൊരവകാശിയെത്തിയിട്ടില്ല. സെഞ്ചുറികളില്‍ സെഞ്ചുറി തികച്ച ഒരേയൊരു താരവും ഇന്നും സച്ചിൻ മാത്രം. 200 ടെസ്റ്റുകളിലും 463 ഏകദിനങ്ങളിലും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ഇന്ത്യന്‍ ജഴ്സി ധരിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 15,921ഉം ഏകദിനത്തില്‍ 18,426ഉം റണ്‍സ് സച്ചിന് വാരിക്കൂട്ടിയിട്ടുണ്ട്. ഏകദിനത്തില്‍ സെഞ്ചുറിക്കപ്പുറം ഡബിള്‍ സെഞ്ചുറി അസാധ്യമെന്ന് കരുതപ്പെട്ടിരുന്ന കാലത്ത് ആദ്യമായി ഇരട്ട സെഞ്ചുറി തികച്ചതും സച്ചിനാണ്. ഇത്രയൊക്കെ പോരേ ആരാധകരുടെ എണ്ണം കൂട്ടാൻ.
പരിഹസിച്ച് ക്രിക്കറ്റ് ഒാസ്ട്രേലിയ, തിരിച്ചടിച്ച് ഇന്ത്യൻ ആരാധകർ
12:44 AM Apr 25, 2018 | Deepika.com