കോല്‍ക്കത്ത: കിംഗ്സ് ഇലവന് പഞ്ചാബിന് അനായാസ ജയം. ക്രിസ് ഗെയ്ല്, കെ.എല്‍. രാഹുല്‍ എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗാണ് പഞ്ചാബിന് കോൽ ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ ഒമ്പത് വിക്കറ്റ് വിജയമൊരുക്കിയത്. മഴയെത്തുര്‍ന്ന് പുനര്‍നിര്‍ണയിച്ച 13 ഓവറില്‍ 125 റണ്‍സ് 11 പന്ത് ബാക്കിയിരിക്കേ 126 റൺസ് നേടി പഞ്ചാബ് മറികടന്നു.
മഴയ്ക്കു മുന്‍പ് ഗെയ്ലും രാഹുലും സിക്സും ഫോറും പായിച്ച് ഇടിയും മിന്നലും തീർത്തു. നേരത്തെ കോല്‍ക്കത്ത മുന്നോട്ടുവച്ച 192 റണ്‍സ് റണ്‍സ് പിന്തുടര്‍ന്ന കിംഗ്സ് ഇലവന് പഞ്ചാബിന്റെ ഓപ്പണര്‍മാരായ രാഹുലും ഗെയ്ലും ഫോം തുടര്‍ന്നപ്പോള്‍ കോല്‍ക്കത്തയുടെ ബൗളര്‍മാര്‍ അടി വാങ്ങിക്കൂട്ടി. രാഹുലിന്റെ (27 പന്തില്‍ 60) വിക്കറ്റ് മാത്രമാണ് പഞ്ചാബിനു നഷ്ടമായത്. ഗെയ്ല് (38 പന്തില്‍ 62), മായങ്ക് അഗര്‍വാള്‍ (2) എന്നിവര്‍ പുറത്താകാതെ നിന്നു. അഞ്ച് ഫോറും ആറു സിക്സുമാണ് ഗെയ്ൽ പറത്തിയത്. രാഹുലാണ് മാൻ ഓഫ് ദ മാച്ച്.
ആദ്യം ബാറ്റ് ചെയ്ത് കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് നേടി. ക്രിസ് ലിന് (41 പന്തില്‍ 74), നായകന് ദിനേശ് കാര്‍ത്തിക് (28 പന്തില്‍ 43), റോബിന് ഉത്തപ്പ (23 പന്തില്‍ 34) എന്നിവരുടെ പ്രകടനമാണ് കോല്‍ക്കത്തയെ മികച്ച സ്കോറിലെത്തിച്ചത്. 200 കടക്കുമെന്നു തോന്നിയ കോല്‍ക്കത്തയുടെ മധ്യ ഓവറുകളിലും അവസാന ഓവറുകളിലും ആന്‍ഡ്രു ടൈയുടെ പ്രകടനമാണ് കൂറ്റന്‍ സ്കോറെന്ന മുന്‍ ചാമ്പ്യന്മാരുടെ സ്വപ്നം തകര്‍ത്തത്. ടൈ, ബരിന്ദര്‍ സ്രാന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
തിരിച്ചടിക്കാനിറങ്ങിയ പഞ്ചാബിന് കോല്‍ക്കത്തയുടെ സ്കോര്‍ ഒരിക്കലും വെല്ലുവിളിയായില്ല. ഗെയ്ലും രാഹുലും തകര്‍പ്പന്‍ ബാറ്റിംഗ് കാഴ്ചവച്ചതോടെ ഒമ്പതാം ഓവറില്‍ പഞ്ചാബ് 100 കടന്നു. ഓപ്പണിംഗ് കൂട്ടുകെട്ട് 8.2 ഓവറില്‍ 96ലെത്തിയപ്പോള്‍ രസംകൊല്ലിയായി മഴയെത്തി. മഴമാറിയശേഷം 13 ഓവറില്‍ 125 എന്നായി പുതിയ ലക്ഷ്യം. ആ ലക്ഷ്യം ഒരുതരത്തിലും പഞ്ചാബിന് വലുതായിരുന്നില്ല. രാഹുലും ഗെയ്ലും മഴയ്ക്കുശേഷവും ബാറ്റിംഗിന്റെ വേഗം കുറയ്ക്കാതിരുന്നതോടെ ലക്ഷ്യം അടുത്തെത്തി.
സിക്സ് നേടിക്കൊണ്ട് ഗെയ്ൽ അര്‍ധ സെഞ്ചുറി കടന്നു. അടുത്ത ഓവറില്‍ സുനില്‍ നരേനെതിരേ തുടര്‍ച്ചയായി സിക്സും രണ്ടു ഫോറും പറത്തിയ രാഹുല്‍ (27 പന്തില്‍ 60) ടോം കുറാനു ക്യാച്ച് നല്കി. ഒമ്പത് ഫോറും രണ്ടു സിക്സുമാണ് ഇന്ത്യന്‍ താരം പായിച്ചത്. 116 റണ്‍സ് കൂട്ടുകെട്ടാണ് ഇരുവരും സ്ഥാപിച്ചത്. ഇതോടെ പഞ്ചാബിന്റെ സ്കോറിംഗിനു വേഗത കുറഞ്ഞെങ്കിലും ലക്ഷ്യം അനായാസം കടന്നു.
വീണ്ടും ഗെയ്ൽ
12:40 AM Apr 22, 2018 | Deepika.com