മുംബൈ: ഓസ്ട്രേലിയയ്ക്കും വെസ്റ്റ് ഇന്ഡീസിനുമെതിരേ ഇന്ത്യ ഡേ നൈറ്റ് ടെസ്റ്റ് കളിക്കില്ല. ഈ വര്‍ഷം അവസാനത്തിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഡേ-നൈറ്റ് ടെസ്റ്റ് ഉണ്ടാവില്ലെന്ന് ബിസിസിഐ അറിയിച്ചു.
ഓസ്ട്രേലിയയ്ക്കെതിരേയുള്ള നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ആദ്യ മത്സരം നടക്കുന്ന അഡ്ലെയ്ഡില് ഡേ നൈറ്റ് ടെസ്റ്റ് നടക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇതിനോട് ബിസിസിഐ മുഖംതിരിച്ചിരിക്കുകയാണ്. അഡ്ലെയ്ഡില് അഞ്ചു ദിവസത്തെ ഡേ-നൈറ്റ് ടെസ്റ്റ് കളിക്കാന്‍ ഇന്ത്യ ഉദ്ദേശിക്കുന്നില്ലെന്ന് ബിസിസിഐ അറിയിച്ചു. ഡേ-നൈറ്റ് ടെസ്റ്റിനു വലിയ ഭാവിയില്ലെന്നാണ് ബിസിസിഐയുടെ നിലപാട്.
2019 ഐസിസി ലോകകപ്പിനുശേഷം ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് തുടക്കമിടുന്നതിന് അന്താരാഷ്്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ഒരുങ്ങുന്നുണ്ട്. എന്നാല്‍ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ചതുർദിന ടെസ്റ്റ്, പിങ്ക് ബോള്‍ ക്രിക്കറ്റ്, ഡേ-നൈറ്റ് ടെസ്റ്റ് എന്നിവ ഉള്‍പ്പെടുത്തിയിട്ടില്ല. ഡേ-നൈറ്റ് ടെസ്റ്റിന് ഐസിസി വലിയ പ്രാധാന്യം നല്‍കാത്ത സ്ഥിതിക്ക് ബിസിസിഐ എന്തിനാണ് ഇതില്‍ പങ്കെടുക്കുന്നതെന്ന് ബിസിസിഐയുമായി ബന്ധപ്പെട്ടവര്‍ ചോദിച്ചു.
ഒക്ടോബറില്‍ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള ടെസ്റ്റ് പരമ്പരയിലും ഡേ നൈറ്റ് ടെസ്റ്റ് ഉണ്ടാവില്ലെന്ന് ബിസിസിഐ അറിയിച്ചു.
വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള രണ്ടു മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റിന് രാജ്കോട്ട് വേദിയാകും. രാജ്കോട്ടില്‍ ഇന്ത്യ പിങ്ക് ബോളില്‍ ഡേ-നൈറ്റ് ടെസ്റ്റ് കളിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
ഓസ്ട്രേലിയന്‍ പര്യടനത്തിനു മുമ്പ് കളിക്കാര്‍ക്കു പിങ്ക് ബോളില്‍ പരിചയം ലഭിക്കുന്നതിനുവേണ്ടിയാണ് ഇങ്ങനെ തീരുമാനിച്ചത്. എന്നാല്‍ ബിസിസിഐയുടെ ടൂര്‍, ഫിക്സ്ചര്‍ കമ്മിറ്റി രാജ്കോട്ടില്‍ ഡേ-നൈറ്റ് ടെസ്റ്റ് വേണ്ടെന്നു തീരുമാനമെടുത്തു. അഡ്ലെയ്ഡിലോ ഭാവിയിലോ ഇന്ത്യ ഡേ-നൈറ്റ് ടെസ്റ്റ് കളിക്കാത്ത സ്ഥിതിക്ക് പരിശീലനം ആവശ്യമില്ലെന്ന് ബിസിസിഐയുമായി ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തി.
ഇന്ത്യ ഡേ-നൈറ്റ് ടെസ്റ്റ് കളിക്കില്ല
12:40 AM Apr 22, 2018 | Deepika.com