ലണ്ടന്‍: ആഴ്സീന്‍ വെംഗര്‍ക്കു പകരം ഒരാളെ കണ്ടെത്തുക പ്രയാസമുള്ള കാര്യമെന്ന് ആഴ്സണല്‍ ചീഫ് എക്സിക്യൂട്ടിവ് ഇവാന് ഗാസിഡിസ്. വെംഗര്‍ക്കു പകരക്കാരനെ കണ്ടെത്തുകയെന്ന ജോലി തന്റെ ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു.
22 വര്‍ഷം ക്ലബ്ബിന്റെ പരിശീലകനായിരുന്ന വെംഗര്‍ ഈ സീസണ് അവസാനത്തോടെ വിരമിക്കുകയാണെന്ന് വെള്ളിയാഴ്ച അറിയിച്ചു. വെംഗറുടെ കീഴില്‍ ആഴ്സണല്‍ മൂന്നു പ്രീമിയര്‍ ലീഗ്, ഏഴ് എഫ്എ കപ്പ് കിരീടങ്ങളുടെ റിക്കാര്‍ഡ് എന്നീ നേട്ടങ്ങളെല്ലാം സ്വന്തമാക്കി. എന്നാല്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വെംഗര്‍ക്ക് ആഴ്സണലിനെ തന്റെ ആദ്യകാലത്തെ മികവിനൊപ്പമെത്തിക്കാനായില്ല. ലോകത്തെ സമ്പന്നക്ലബ്ബുകളില് അഞ്ചാം സ്ഥാനത്തുള്ള ആഴ്സണലിന്റെ ഗ്രൗണ്ടിലെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. ഇതോടെ ആരാധകര്‍ അദ്ദേഹത്തെ പുറത്താക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി. 14 വര്‍ഷമായി ആഴ്സണല്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായിട്ട്, കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍സ് ലീഗിലേക്ക് യോഗ്യത നേടാനുമായില്ല. ഇത്തവണയും ആഴ്സണല്‍ ആദ്യ അഞ്ചിലില്ല. യൂറോപ്പ ലീഗ് ചാമ്പ്യന്മാരായാല് മാത്രമേ ആഴ്സണലിന് ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടം ഉറപ്പിക്കാനാകൂ. അടുത്തയാഴ്ച നടക്കുന്ന യൂറോപ്പ ലീഗ് സെമി ഫൈനലില്‍ ആഴ്സണല്‍ അത്ലറ്റിക്കോ മാഡ്രിഡിനെ നേരിടും.
22 വര്‍ഷം ക്ലബ്ബിനെ സേവിച്ച ഒരാള്‍ക്കു പകരമൊരാളെ വയ്ക്കുന്ന കാര്യം ആലോചിക്കാനാവുന്നില്ലെന്നുഗാസിഡിസ് പറഞ്ഞു. 1996ല്‍ ജാപ്പനീസ് ക്ലബ് ഗ്രാംപസ് എയിറ്റില്നിന്ന് അദ്ദേഹം എത്തുമ്പോഴുണ്ടായിരുന്ന ക്ലബ്ബിനേക്കാള്‍ ഇപ്പോള്‍ ക്ലബ് വളര്‍ന്നതായും അദ്ദേഹം പറഞ്ഞു.
വെംഗര്‍ ഒഴിച്ചിടുന്ന സ്ഥാനത്തേക്കായി ക്ലബ് അധികൃതര്‍ ആഴ്സണലിന്റെ മുന്‍ ക്യാപ്റ്റന്‍ പാട്രിക് വിയേര, സെല്‍റ്റിക് മാനേജര്‍ ബ്രെന്‍ഡന്‍ റോഡ്ജേഴ്സ്, ജര്‍മനിയുടെ കോച്ച് ജോവാക്വിം ലോ എന്നിവരെ പരിഗണിക്കുന്നുണ്ട്.
വെംഗര്‍ക്കു പകരക്കാരനെ കണ്ടെത്തുക പ്രയാസമെന്ന് ആഴ്സണല്‍ ചീഫ്
12:40 AM Apr 22, 2018 | Deepika.com