ചണ്ഡിഗഡ്: ഐപിഎലിൽ ക്രിസ് ഗെയ്ൽ വീണ്ടും തകർത്താടി. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ പഞ്ചാബ് കിംഗ്സ് ഇലവന്റെ ഓപ്പണറായ ഗെയ്ൽ സെഞ്ചുറിയടിച്ച് ടീമിനെ ഒറ്റയ്ക്ക് തോളിലേറ്റി.
63 പന്തിൽനിന്ന് 11 സിക്സും ഒരു ഫോറും അടക്കം 104 റണ്‍സ് എടുത്ത് പുറത്താകാതെനിന്ന ഗെയ്ൽ ആണ് മാൻ ഓഫ് ദ മാച്ച്. ടോസ് നേടി ക്രീസിലെത്തിയ പഞ്ചാബ് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 193 റണ്‍സ് എടുത്തു. സണ്‍റൈസേഴ്സിന്റെ മറുപടി 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 178ൽ അവസാനിച്ചു, പഞ്ചാബിന് 15 റണ്‍സ് ജയം.
ഗെയ്ലിന്റെ ആറാം ഐപിഎൽ സെഞ്ചുറിയാണിത്. സെഞ്ചുറികളുടെ എണ്ണത്തിൽ വെസ്റ്റ് ഇൻഡീസ് താരത്തിനു മുന്നിൽ ആരുമില്ല. ഓപ്പണിംഗ് വിക്കറ്റിൽ ഗെയ്ലും ലോകേഷ് രാഹുലും (21 പന്തിൽ 18 റണ്‍സ്) ചേർന്ന് 53 റണ്‍സ് കൂട്ടുകെട്ട് സ്ഥാപിച്ചു. രണ്ടാം വിക്കറ്റിൽ ഗെയ്ൽ - മായങ്ക് അഗർവാൾ (ഒന്‍പത് പന്തിൽ 18 റണ്‍സ്) കൂട്ടുകെട്ട് 30 റണ്‍സ് മാത്രമാണ് നേടിയത്. കരുണ്‍ നായറും (21 പന്തിൽ 31 റണ്‍സ്) ഗെയ്ലും ചേർന്ന് മൂന്നാം വിക്കറ്റിൽ 85 റണ്‍സ് നേടി. കരുണ്‍ പുറത്താകുന്പോൾ പഞ്ചാബ് 17.4 ഓവറിൽ 168ൽ എത്തിയിരുന്നു. തുടർന്ന് ആരോണ്‍ ഫിഞ്ച് (ആറ് പന്തിൽ 14 റണ്‍സ്) ആയിരുന്നു ഗെയ്ലിന്റെ കൂട്ട്.
ബരിന്ദർ സരണ്‍ എറിഞ്ഞ ആദ്യ ഓവറിന്റെ അഞ്ചാം പന്തിൽ സണ്‍റൈസേഴ്സിന്റെ ഓപ്പണർ ശിഖർ ധവാൻ പരിക്കേറ്റ് കളംവിട്ടു. സരണിന്റെ പന്ത് കൈമുട്ടിനുകൊണ്ടതാണ് ധവാനെ ക്രീസിൽനിന്നു പിൻവാങ്ങാൻ നിർബന്ധിതനാക്കിയത്. രണ്ടാം ഓവറിൽ വൃദ്ധിമാൻ സാഹ (ഏഴ് പന്തിൽ ആറ് റണ്‍സ്) മോഹിത് ശർമയുടെ പന്തിൽ ബൗൾഡ്. സരണിന്റെ അടുത്ത ഓവറിൽ യൂസഫ് പഠാനെ കവർ പോയിന്റിൽ യുവരാജ് സിംഗ് വിട്ടുകളഞ്ഞു. എന്നാൽ, സ്കോർ 37ൽ നിൽക്കുന്പോൾ പഠാൻ (13 പന്തിൽ 19 റണ്‍സ്) മോഹിത് ശർമയുടെ പന്തിൽ ബൗൾഡ്. തുടർന്ന് കെയ്ൻ വില്യംസണും (41 പന്തിൽ 54 റണ്‍സ്) മനീഷ് പാണ്ഡെയും (42 പന്തിൽ 57 നോട്ടൗട്ട്) ഷക്കീബ് അൽഹസനും (12 പന്തിൽ 24 നോട്ടൗട്ട്) പൊരുതിയെങ്കിലും തോൽവി തടയാനായില്ല, സീസണിൽ ഹൈദരാബാദിന്റെ ആദ്യ പരാജയം.
ഗെയ്ലാട്ടത്തിൽ പഞ്ചാബ് കിംഗ്സ്; സൺറൈസേഴ്സിനു ആദ്യ പരാജയം
02:01 AM Apr 20, 2018 | Deepika.com