ഗോൾഡ് കോസ്റ്റ്: 21-ാം കോമണ്‍വെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ഇന്നലെ മൂന്ന് സ്വർണവും നാലു വെള്ളിയും നാലു വെങ്കലവും. ഇതോടെ ഇന്ത്യയുടെ സ്വർണമെഡൽ പതിനേഴ് ആയി. ഇന്ത്യക്കായി പതിനഞ്ചുകാരൻ അനീഷ് ഭവൻവാല ഗെയിംസ് റിക്കാർഡോടെ പുരുഷവിഭാഗം 25 മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റളിൽ സ്വർണം നേടി.
കോമണ്‍വെൽത്തിൽ ഇന്ത്യക്കായി സ്വർണം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാർഡ് ഇതിലൂടെ അനീഷ് സ്വന്തമാക്കി. വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷനിൽ ഗെയിംസ് റിക്കാർഡോടെ ഇന്ത്യക്കുവേണ്ടി തേജസ്വിനി സാവന്ത് സ്വർണം നേടി. ഈയിനത്തിൽ അൻജും മൗഡ്ഗിൽ വെള്ളി സ്വന്തമാക്കി. തേജസ്വിനി 50 മീറ്റർ റൈഫിൾ പ്രോണിൽ നേരത്തേ വെള്ളി നേടിയിരുന്നു.
പുരുഷന്മാരുടെ 65 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിലൂടെയാണ് ഇന്ത്യയുടെ അക്കൗണ്ടിൽ ഇന്നലത്തെ മൂന്നാം സ്വർണം എത്തിയത്. ബജ്രംഗ് ആയിരുന്നു സ്വർണം നേടിയത്.
വെള്ളിത്തിളക്കം
വനിതകളുടെ 50 മീറ്റർ 3 പൊസിഷൻസ് ഷൂട്ടിംഗിൽ അൻജും മൗഡ്ഗില്ലിനു പിന്നാലെ ടേബിൾ ടെന്നീസ് വനിതാ ഡബിൾസിലും ഇന്ത്യക്ക് വെള്ളി ലഭിച്ചു. ഗുസ്തിയിൽ പുരുഷന്മാരുടെ 97 കിലോഗ്രാം വിഭാം ഫ്രീസ്റ്റൈൽ ഫൈനലിൽ പരാജയപ്പെട്ട മൗസം ഖത്രിയാണ് മറ്റൊരു വെള്ളിജേതാവ്. വനിതാ ഗുസ്തിയിൽ 57 കിലോഗ്രാം ഫ്രീസ്റ്റൈലിൽ പൂജ ധൻഡയും ഫൈനലിൽ പരാജയപ്പെട്ട് വെള്ളികൊണ്ടു തൃപ്തിപ്പെട്ടു.
നാല് വെങ്കലം
പുരുഷവിഭാഗം ബോക്സിംഗിൽനിന്ന് ഇന്ത്യക്ക് ഇന്നലെ മൂന്ന് വെങ്കലം ലഭിച്ചു. സെമിയിൽ പരാജയപ്പെട്ടതാണ് ഇന്ത്യൻ താരങ്ങൾ വെങ്കലത്തിലൊതുങ്ങാൻ കാരണം. പുരുഷന്മാരുടെ 56 കിലോഗ്രാം വിഭാഗത്തിൽ ഹസ്മുദ്ദീൻ മുഹമ്മദ്, 69 കിലോഗ്രാമിൽ മനോജ് കുമാർ, 91 കിലോഗ്രാം വിഭാഗത്തിൽ നമൻ തൻവർ എന്നിവരാണ് വെങ്കലംകൊണ്ട് തൃപ്തിപ്പെട്ടത്.
മനോജ് കുമാറിന്റെ സെമി പരാജയം ഇന്ത്യക്ക് അപ്രതീക്ഷിതമായിരുന്നു. ഇംഗ്ലണ്ടിന്റെ പാറ്റ് മാക്രോമാക് ആണ് 5-0ന് മനോജ് കുമാറിനെ തകർത്തത്. വനിതാ ഗുസ്തിയിൽ ദിവ്യ കക്രാന്റെ വകയായിരുന്നു ഇന്ത്യയുടെ ഇന്നലത്തെ മറ്റൊരു വെങ്കലം. ഫ്രീസ്റ്റൈൽ 68 കിലോഗ്രാം വിഭാഗം ഗുസ്തിയിലായിരുന്നു ഇന്ത്യൻ താരത്തിന്റെ മെഡൽ നേട്ടം.
ടിടി ഫൈനലിൽ തോൽവി
വനിതാ ടേബിൾ ടെന്നീസ് ഡബിൾസിൽ ഇന്ത്യയുടെ മാനിക് ബത്ര-മൗമ ദാസ് സഖ്യത്തിന് വെള്ളി. ഫൈനലിൽ സിംഗപ്പൂരിന്റെ ടിയാൻവി ഫെംഗ്-മെംഗ്യു യു സഖ്യത്തോട് ഫൈനലിൽ 11-5, 11-4, 11-5 ന് തോറ്റു. ടീം ഇനത്തിൽ സ്വർണം നേടിയ വനിതകൾക്ക് പക്ഷേ ഡബിൾസിൽ മികവിലെത്താനായില്ല. വനിതകളുടെ ഡബിൾസിൽ ആദ്യമായാണ് ഇന്ത്യ ഫൈനലിലെത്തിയത്.
കോമൺവെൽത്ത് മെഡൽ നില
ടീം, സ്വർണം, വെള്ളി, വെങ്കലം, ആകെ മെഡൽ, സ്ഥാനം
ഓസ്ട്രേലിയ 65 49 54 168 1
ഇംഗ്ലണ്ട് 31 34 34 99 2
ഇന്ത്യ 17 11 14 42 3
കാനഡ 14 34 26 60 4
ദക്ഷിണാഫ്രിക്ക 13 10 12 35 5
മധുരപ്പതിനേഴ്
01:11 AM Apr 14, 2018 | Deepika.com