തൃശൂർ: അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ രണ്ടാം ഡിവിഷൻ ദേശീയ ലീഗ് ഫുട്ബോളിൽ എഫ്സി കേരളയ്ക്കു രണ്ടാം ജയം. കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മധ്യഭാരത് സോക്കർ ക്ലബ്ബിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്താണ് എഫ്സി കേരള വിജയിച്ചത്.
22-ാം മിനിറ്റിൽ മലയാളി താരം ശ്രേയസും, 36, 56 മിനിറ്റുകളിൽ നൈജിരീയൻ താരം ബാലയുമാണ് എഫ്സി കേരളയ്ക്കുവേണ്ടി ഗോളുകൾ നേടിയത്. 48-ാം മിനിറ്റിൽ ഗിനിയൻ താരം സില പെനാൽറ്റി പാഴാക്കിയതടക്കം നിരവധി അവസരങ്ങൾ എഫ്സി കളിക്കാർ കളഞ്ഞെങ്കിലും കളിയിലുടനീളം മേധാവിത്വം നിലനിർത്താൻ സാധിച്ചു. പെനാൽറ്റി ബാറിൽതട്ടി പന്ത് പുറത്തേക്ക് പോകുകയായിരുന്നു.
ആദ്യ മത്സരത്തിൽ ഹൈദരാബാദ് ടീമിനെ പരാജയപ്പെടുത്തിയ ആത്മവിശ്വാസവുമായാണ് എഫ്സി ഇന്നലെ കളത്തിലിറങ്ങിയത്. ആദ്യ മത്സരത്തിൽ ഗോൾ നേടിയ ശ്രേയസ് രണ്ടാം മത്സരത്തിലും മികവു തെളിയിച്ചു. മധ്യഭാരത് ടീമും നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും അതൊന്നും ഗോളാക്കി മാറ്റാൻ കഴിഞ്ഞില്ല.
എഫ്സി കേരളയ്ക്കു രണ്ടാം ജയം
01:36 AM Mar 22, 2018 | Deepika.com