കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയിലെ കരുത്തൻ റിനോ ആന്റോയും ടീം വിട്ടേക്കുമെന്നു സൂചന. സൂപ്പർ കപ്പ് വരെയാണു റിനോയ്ക്കു ബ്ലാസ്റ്റേഴ്സുമായി കരാറുള്ളത്. എന്നാൽ, ഇതുവരെ കരാർ പുതുക്കുന്നതു സംബന്ധിച്ചുള്ള ചർച്ചകൾ നടത്താൻ മാനേജ്മെന്റ് തയാറായിട്ടില്ലെന്നാണു വിവരം. ഇനിയും കരാർ പുതുക്കാൻ മഞ്ഞപ്പട തയാറായില്ലെങ്കിൽ താരത്തിനായി ബംഗളൂരു എഫ്സി രംഗത്തിറങ്ങുമെന്നാണു വിവരം.
സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സ് നിരയിൽ എന്തായാലും റിനോ കളിക്കാനുണ്ടാകും. അതിനുശേഷം തന്റെ പഴയ തട്ടകമായ ബംഗളൂരുവിലേക്കു കൂടുമാറുമെന്നാണു വിവരം. ഭേദപ്പെട്ട പ്രകടനമാണ് താരം ഈ സീസണിൽ നടത്തിയതെങ്കിലും പരിക്കു മൂലം പല മത്സരങ്ങളിലും പുറത്തിരിക്കേണ്ടിവന്നു. താരത്തെ ടീമിൽ നിലനിർത്തേണ്ടെന്ന നിലപാടാണു ബ്ലാസ്റ്റേഴ്സിനെന്നാണു സൂചന. ഈ സീസണിൽ ഡ്രാഫ്റ്റ്വഴി കേരളാ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുന്ന ആദ്യ താരമായിരുന്നു തൃശൂർ സ്വദേശിയായ റിനോ.
അതേസമയം, സി.കെ. വിനീതിന്റെ കാര്യത്തിലും മാനേജ്മെന്റ് നിലപാടു വ്യക്തമാക്കിയിട്ടില്ല. മഞ്ഞപ്പടയുമായി ഒരു വർഷംകൂടി വിനീതിനു കരാർ ബാക്കിയുണ്ട്. ബ്ലാസ്റ്റേഴ്സ് ഒഴിവാക്കിയാൽ എടികെയും ജംഷഡ്പൂരും താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്.
റിനോ ആന്റോയും വിനീതും ബ്ലാസ്റ്റേഴ്സ് വിട്ടേക്കും
12:59 AM Mar 19, 2018 | Deepika.com