കോൽക്കത്ത: സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ ഗ്രൂപ്പ് സ്റ്റേജ് പോരാട്ടത്തിന് ഇന്നു തുടക്കം. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ജേതാക്കളായ ബംഗാൾ മണിപ്പുരിനെ നേരിടും. മലയാളക്കരയുടെ പ്രതീക്ഷയുമായി കേരളവും ഇന്നിറങ്ങും. ചണ്ഡിഗഡാണ് കേരളത്തിന്റെ എതിരാളികൾ. ഗ്രൂപ്പ് എയിലാണ് കേരളം, ചണ്ഡിഗഡ്, മഹാരാഷ്ട്ര, മണിപ്പുർ, ബംഗാൾ എന്നിവ. ശക്തമായ ഗ്രൂപ്പെന്ന വിശേഷണമാണ് എയ്ക്കുള്ളത്. ഗോവ, കർണാടക, മിസോറം, ഒഡീഷ, പഞ്ചാബ് എന്നിവയാണ് ഗ്രൂപ്പ് ബിയിലുള്ളത്.
ഗ്രൂപ്പിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്നവർക്ക് സെമിഫൈനൽ യോഗ്യത ലഭിക്കും. അതിനാൽ ഗ്രൂപ്പ് കടക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളം ഇറങ്ങുന്നത്. ചണ്ഡിഗഡിനെതിരേ ജയത്തോടെ സെമി മോഹത്തിനു നല്ലതുടക്കം കുറിക്കുകയാണ് രാഹുൽ രാജിന്റെ നേതൃത്വത്തിലുള്ള കേരള സംഘത്തിന്റെ ലക്ഷ്യം.
കഴിഞ്ഞ വർഷം കേരളം സെമിയിൽ പ്രവേശിച്ചതാണ് സമീപനാളിലെ മികച്ച പ്രകടനം. 2012-13ലാണ് കേരളം അവസാനമായി ഫൈനലിൽ പ്രവേശിച്ചത്. അവസാനമായി കിരീടം നേടിയത് 2004-05ൽ ഡൽഹിയിൽവച്ചും.
സന്തോഷ് ട്രോഫി: കേരളം ഇന്ന് ചണ്ഡിഗഡിനെതിരേ
12:59 AM Mar 19, 2018 | Deepika.com