ന്യൂഡല്‍ഹി: ശ്രീലങ്കയില്‍ നടക്കുന്ന ത്രിരാഷ്ട്ര ട്വന്റി 20 പരമ്പരയില്‍ ഇന്ത്യയെ രോഹിത് ശര്‍മ നയിക്കും. ശിഖര്‍ ധവാനാണ് വൈസ് ക്യാപ്റ്റന്‍. ഇന്ത്യന്‍ ടീമിന്റെ വരാനിരിക്കുന്ന മത്സരങ്ങളെ മുന്നില്‍കണ്ട് നായകന് വിരാട് കോഹ്ലി, മുന്‍ നായകന് എം.എസ്. ധോണി, ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്കു വിശ്രമം അനുവദിച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള ട്വന്റി 20 പരമ്പരയിലെ അവസാന മത്സരത്തില്‍ രോഹിത് ആണ് ടീമിനെ നയിച്ചത്. മത്സരത്തില്‍ ഇന്ത്യ ജയിക്കുകയും ചെയ്തു. ശ്രീലങ്കയ്ക്കെതിരേ ഇന്ത്യയില്‍ നടന്ന ഏകദിന, ട്വന്റി 20 പരമ്പരകളില്‍ രോഹിതായിരുന്നു നായകന്.
കോഹ്ലി, ധോണി, പാണ്ഡ്യ, എന്നിവര്‍ക്കു പുറമെ പേസര്‍മാരായ ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവര്‍ക്കും വിശ്രമം അനുവദിച്ചു. പാണ്ഡ്യയ്ക്കു പകരം ഓള്‍റൗണ്ടര്‍ സ്ഥാനത്ത് വിജയ് ശങ്കറിന് അവസരം ലഭിച്ചു. ദീപക് ഹൂഡ, പേസര്‍മാരായ മുഹമ്മദ് സിറാജ്, വാഷിംഗ്ടണ്‍ സുന്ദര്‍, വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ഋഷഭ് പന്ത് എന്നിവര്‍ക്ക് അവസരം ലഭിച്ചു.
കോഹ്ലിക്കും ധോണിക്കും വിശ്രമം: രോഹിത് നയിക്കും
12:54 AM Feb 26, 2018 | Deepika.com